"കൊറോണക്കാലത്തെ വായന', റിയാദിൽ ചില്ലയുടെ വായനാ-സംവാദ പരമ്പരക്ക് തുടക്കം
Monday, March 30, 2020 6:48 PM IST
റിയാദ് : ചില്ലയുടെ "കൊറോണക്കാലത്തെ വായന' എന്ന ശീർഷകത്തിൽ നടക്കുന്ന വായനാ-സംവാദ പരമ്പരക്ക് തുടക്കമായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് "ചില്ലകൂട്ടം' ഓൺലൈനായി സംഗമിച്ചു.

അഡ്വ. ആർ. മുരളീധരൻ തിരുവന്തപുരത്ത് നിന്ന് പരിപാടി ഉദ്‌ഘാടനം ചെയ്തു. സോഷ്യലിസ്ററ് ആശയങ്ങൾ അല്പമെങ്കിലും പിന്തുടരുന്ന രാജ്യങ്ങളിൽ കോവിഡ് ബാധ കുറച്ചെങ്കിലും നിയന്ത്രണ വിധേയമാകുന്നത് അവിടങ്ങളിൽ ആരോഗ്യരംഗം തീർത്തും സ്വകാര്യവൽക്കരിക്കാത്തതുകൊണ്ടാണെന്ന് ഉദ്‌ഘാടനവേളയിൽ മുരളീധരൻ അഭിപ്രായപ്പെട്ടു.

നൂതന വിവര സാങ്കേതിക വിദ്യയിലൂടെ സാമൂഹികാകലം പാലിച്ചുകൊണ്ട് വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന പരമ്പരയിലെ ആദ്യ ദിവസത്തെ വായന, ഇഖ്ബാൽ കൊടുങ്ങല്ലൂർ ആൽബേർ കാമുവിന്‍റെ "ദി പ്‌ളേഗ്' എന്ന വിഖ്യാത കൃതിയുടെ വായനാനുഭവം കൊറോണ കാലത്തെ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചു. തുടർന്നു പ്ലേഗ് കാലവും കൊറോണകാലവും തമ്മിലുള്ള സാദൃശ്യ-വൈജാത്യങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള സംവാദം നടന്നു. അയർലൻഡിൽ നിന്ന് എഴുത്തുകാരൻ ജുനൈദ് അബൂബക്കർ സംവാദത്തിന് തുടക്കം കുറിച്ചു. ജയചന്ദ്രൻ നെരുവമ്പ്രം ചർച്ച ഉപസംഹരിച്ചു.

രണ്ടാം ദിവസം പ്രശസ്ത കഥാകൃത്ത് ഇ. സന്തോഷ് കുമാർ കോൽക്കത്തയിൽ നിന്ന് അതിഥിയായി പങ്കെടുത്തു. ഈയിടെ അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ഇ. ഹരികുമാറിനെ അനുസ്മരിച്ചു നടന്ന പരിപാടിയിൽ ഹരികുമാറിന്‍റെ മികച്ച കഥകളിലൊന്നായ ‘ഡോക്ടർ ഗുറാമിയുടെ ആശുപത്രി’ എം ഫൈസൽ അവതരിപ്പിച്ചു. തുടർന്നു ഇ. ഹരികുമാറിന്‍റെ സർഗസംഭാവനകളെ അനുസ്മരിച്ചു അംഗങ്ങൾ സംസാരിച്ചു. എഴുത്തുകാരനുമായി വ്യക്തിപരമായി ബന്ധമുള്ളവരും അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. ഹൃദയസ്പർശമുള്ള കഥകൾ കൊണ്ട് മലയാളത്തെ സമ്പന്നമാക്കിയപ്പോഴും ആൾക്കൂട്ടങ്ങളിൽ നിന്നും അംഗീകാരങ്ങളുടെ കൊട്ടിയാടലുകളിൽ നിന്നും ഒഴിഞ്ഞുനിന്ന് മാനുഷികമായ പ്രവർത്തനങ്ങളിൽ മുഴുകിയ എഴുത്തുകാരനായിരുന്നു ഇ ഹരികുമാറെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

എഴുത്തുകാരി ബീന, മിനി, അനിത നസിം, സുലൈഖ, ഷക്കീല വഹാബ്, പ്രിയ സന്തോഷ്, അമൃത സുരേഷ്, രശ്മി രാമചന്ദ്രൻ, നജ്‌മ, സീബ കൂവോട്, വിപിൻ കുമാർ, സുനിൽ കുമാർ ഏലംകുളം, നജിം കൊച്ചുകലുങ്ക്, മൻമോഹൻ, ടി.ആർ. സുബ്രഹ്‌മണ്യൻ, സുരേഷ് ലാൽ, നാസർ കാരക്കുന്ന്, അഖിൽ ഫൈസൽ, ശ്രീജു രവീന്ദ്രൻ, മഹേഷ് കൊടിയത്ത്, സുരേഷ് കൂവോട്, അബ്ദുൾറസാഖ് മുണ്ടേരി, റസൂൽ സലാം, കൊമ്പൻ മൂസ, ബഷീർ കാഞ്ഞിരപ്പുഴ, അബ്ബാസ് നസീർ, നന്ദൻ, മുനീർ കൊടുങ്ങല്ലൂർ, ജാബിറലി ടി, മനോജ്, സുനിൽ പോത്തോട്, നൗഷാദ് കോർമത്ത് എന്നിവർ രണ്ടു ദിവസങ്ങളിലായി നടന്ന ചർച്ചയിൽ സംസാരിച്ചു.