കോവിഡ് 19 : സ്ഥിതിഗതികൾ വിലയിരുത്താൻ ജി 20 നേതാക്കളുടെ യോഗം
Wednesday, March 25, 2020 10:05 PM IST
റിയാദ്: കോവിഡ് 19 വൈറസ് വ്യാപനം ഗുരുതരമായി തന്നെ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജി 20 അംഗരാജ്യങ്ങളുടെ പ്രതിനിധികളുടെ ഒരു അസാധാരണ വിർച്യുൽ മീറ്റിംഗ് സൗദി അറേബ്യയിലെ സൽമാൻ രാജാവ് വിളിച്ചു.

വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ കൊറോണ വൈറസ് രോഗം മൂലമുണ്ടായ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ടു ചെയ്തു. ലോക സാമ്പത്തിക ക്രമത്തിലും ജീവിത ക്രമത്തിലും വൈറസ് ബാധ ഉണ്ടാക്കിയ ചലനങ്ങൾ യോഗം ചർച്ച ചെയ്യും.
റിയാദിൽ അടുത്ത നവംബറിൽ ജി 20 ഉച്ചകോടി നടക്കാനിരിക്കെയാണ് കോവിഡ് 19 ലോകത്തെയാകെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്നത്.

ജി 20 അംഗരാജ്യങ്ങളെ കൂടാതെ സ്പെയിൻ, ജോർദാൻ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും യുഎൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ