പ്രവാസി എഴുത്തുകാർക്കായി റിസാല സ്റ്റഡി സർക്കിൾ "കലാലയം പുരസ്കാരം' നൽകുന്നു
Tuesday, January 14, 2020 10:12 PM IST
മനാമ: റിസാല സ്റ്റഡി സർക്കിൾ നടത്തുന്ന പതിനൊന്നാമത് സാഹിത്യോത്സവിന്‍റെ ഭാഗമായി കലാലയം സാംസ്കാരിക വേദി, പ്രവാസി മലയാളികളിലെ യുവ എഴുത്തുകാർക്കായി "കലാലയം പുരസ്കാരം' നൽകുന്നു. കഥ, കവിത പ്രബന്ധം തുടങ്ങിയ വിഭാഗങ്ങളിൽ അതാത് ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തർക്കാണ് പ്രഥമമായി പ്രഖ്യാപിക്കുന്ന പുരസ്കാരം സമ്മാനിക്കുക. ബഹറിനിൽ താമസിക്കുന്ന, മുന്പ് പ്രസിദ്ധീകരിക്കാത്ത അവരുടെ മൗലിക രചനകളാണ് പുരസ്‌കാരത്തിന് സമർപ്പിക്കേണ്ടത്.

സെൻട്രൽ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന മുന്നൂറിലധികം കലാപ്രതിഭകൾ മാറ്റുരക്കുന്ന നാഷണൽ സാഹിത്യോത്സവ് ഫെബ്രുവരി 7 ന് മനാമ പാക്കിസ്ഥാൻ ക്ലബിലാണ് അരങ്ങേറുന്നത്. നാഷണൽ സാഹിത്യോത്സവിൽ പുരസ്കാരം ജേതാവിനു സമ്മാനിക്കും.

ഒരാളിൽ നിന്ന് പരമാവധി ഒരു കഥയും കവിതയും മാത്രമേ സ്വീകരിക്കുകയുള്ളൂ. കവിത 40 വരികളിലും കഥ 400 വാക്കുകളിലും കവിയരുത്. വിഷയം നിർണയിച്ചിട്ടില്ല. അതേസമയം പ്രബന്ധ രചനയ്ക്ക്‌ നിർണയിക്കപ്പെട്ട വിഷയം ”അതിജീവനത്തിന്‍റെ പ്രവാസ ചരിത്രം" രചനകൾ മുൻപ്‌ വെളിച്ചം കാണാത്തതോ മറ്റു മത്സരങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടവയോ ആയിരിക്കരുത്.

പ്രവാസം നഷ്ടപ്പെടുത്തിയ വിലപ്പെട്ട പലതിനുമിടയിലും യുവാക്കളുടെ സർഗാത്മകതയെ വീണ്ടെടുക്കുക എന്നതാണ് പുരസ്കാരത്തിന്‍റെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. ലോകവും പ്രത്യേകിച്ച് നമ്മുടെ രാജ്യവും ഇന്നു നേരിടുന്ന സർവാധിപത്യ പ്രതിസന്ധികളെ അക്ഷരങ്ങളിലൂടെയും ഭാഷയിലൂടെയും ഉള്ള സർഗസമരങ്ങൾക്ക് ചെറുത്ത് തോല്പിക്കാനാകും. സമഭാവനയും ലോകവീക്ഷണവും രുപപ്പെടുക സാഹിത്യത്തിലൂടെയാണ്. അതിന്‍റെ സാക്ഷാത്കാമാണ് വർഷവും നടത്തുന്ന സാഹിത്യോത്സവിലൂടെ സംഘടന ഉന്നം വയ്ക്കുന്നത്‌.

ഈ വർഷം പ്രികെജി, കെജി, പ്രൈമറി, ജൂണിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി 106 ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അടിസ്ഥാന ഘടകമായ യൂണിറ്റിൽ സാഹിത്യോത്സവ് ആരംഭിച്ചു കഴിഞ്ഞു. യൂണിറ്റ് മത്സരത്തിനുശേഷം സെക്ടർ, സെൻട്രൽ ഘടകങ്ങളിൽ മാറ്റുരച്ചാണ് നാഷനൽ തല സാഹിത്യോത്സവിൽ ഓരോ പ്രതിഭയും എത്തുക. ഇത്തവണത്തെ നാഷനൽ സാഹിത്യോത്സവിനുവേണ്ടിയുള്ള
വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

നാട്ടിൽ എസ് എസ് എഫ് 26 വർഷമായി നടത്തുന്ന സാഹിത്യോസവാണ് ആർ എസ് സിയുടെ പ്രചോദനം. കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സാഹിത്യകാരന്മാർക്ക് സാഹിത്യോത്സവ് പുരസ്കാരം നൽകി വരുന്നുണ്ട് . ഈ വർഷം കവി കെ. സച്ചിദാന്ദന് ആയിരുന്നു. തോപ്പിൽ മുഹമ്മദ് മീറാൻ, റഹ്‌മാൻ, വീരാൻകുട്ടി, കെപി രാമനുണ്ണി, കെ സുരേന്ദ്രൻ എന്നിവർ മുൻ വർഷങ്ങളിൽ സാഹിത്യോത്സവ് പുരസ്കാരം നേടിയവരാണ്. കലാലയം പുരസ്കാരത്തിലൂടെ പ്രവാസ ലോകത്തെ സർഗധനരെ കണ്ടെത്തി അംഗീകാരം നൽകാനും അവർക്ക് അവസരം സൃഷ്ടിക്കാനും കഴിയുമെന്ന് ഞങ്ങൾ കരുതുന്നു.

കലാലയം പുരസ്‌കാരത്തിലേക്കുള്ള സൃഷ്ടികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ സ്വന്തം ഇമെയിലിൽ നിന്ന് ലഭിച്ചിരിക്കണം. നാട്ടിലെയും പ്രവാസ ലോകത്തെയും വിലാസം, ബന്ധപ്പെടേണ്ട നമ്പർ, സ്വയം പരിചയപ്പെടുത്തിയ ചെറുവിവരണം, എഴുത്തിനു മറ്റു അവാർഡുകളോ നേട്ടങ്ങളോ ലഭിച്ചിട്ടുണ്ടെങ്കിൽ അത്, എന്നിവയും സൃഷ്ടിയോടൊപ്പം വെയ്ക്കണം. രചനകൾ ടൈപ് ചെയ്ത പിഡിഎഫ് ഫോർമാർറ്റിലോ യുനികോഡ് ഫോണ്ടിലോ ആണ് അയക്കേണ്ടത്. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി 2020 ജനുവരി 31 ആണ്.

റിസാല സ്റ്റഡി സർക്കിൾ: " പ്രവാസ യൗവനങ്ങളുടെ സാസ്കാരിക സംഘ ബോധം' എന്ന അടയാള വാക്യം സ്വീകരിച്ച് കഴിഞ്ഞ 26 വർഷമായി പ്രവാസി യുവാക്കൾക്കിടയിൽ പ്രവർത്തിക്കുന്നു. കേരള മുസ്‌ലിം ജമാഅത്താണ് മാതൃ സംഘടന. ആറ് ജിസിസി രാജ്യങ്ങളിലായി 7 നാഷനൽ കമ്മിറ്റികൾ നിലവിലുണ്ട്. ഗൾഫ് കൗൺസിൽ ആണ് കോർഡിനേഷൻ സാധ്യമാക്കുന്നത്. വിദ്യാഭ്യാസ കരിയർ ഗൈഡൻസ് പ്രവർത്തനങ്ങൾ നേതൃത്വം വഹിക്കാൻ 'വിസ്‌ഡം' സമിതിയും ആത്മീയ സംഘടന പരിശീലനത്തിന് ട്രൈനിംഗ് വിഭാഗവും, കുട്ടികൾക്ക് വേണ്ടി പദ്ധതികൾ ആവിഷ്കരിച്ച് സ്റ്റുഡന്റസ് വിഭാഗവും പ്രവൃത്തിക്കുന്നു. സംഘടനക്ക് കീഴിൽ സാഹിത്യ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിഭാഗമാണ് കലാലയം സാംസ്കാരിക വേദി. പ്രസിദ്ധീകരണത്തിന്റെ പത്താണ്ട് പിന്നിടുന്ന പ്രവാസി രിസാലയാണ് മുഖപത്രം. 11 ന്റെ നിറവിൽ എത്തി നിൽക്കുന്ന സാഹിത്യോത്സവിൽ കുട്ടികൾ, യുവാക്കൾ, സ്ത്രീകൾ ഉൾപ്പെടെ പ്രവാസ ലോകത്തെ മത ലിംഗ ഭേദമന്യേ ധാരാളം പ്രതിഭകൾ പങ്കാളികളാകുന്നു.