സുല്‍ത്താന്‍റെ കൈകളില്‍ ഒമാന്‍ സുരക്ഷിതം
Saturday, January 11, 2020 7:26 PM IST
മസ്‌കറ്റ്: ഒമാനെ അര നൂറ്റാണ്ടു കൈവെള്ളയില്‍ സുരക്ഷിതവും സമാധാനപൂര്‍ണവുമായി കൊണ്ടുനടന്ന രാജ്യ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് (1940 നവംബര്‍ 18 - 2020 ജനുവരി 10) ജനമനസുകളുടെ ഹൃദയം കവര്‍ന്നതോടൊപ്പം തന്‍റെ സ്‌നേഹം അളവറ്റ രീതിയില്‍ തിരികെ നല്കുകയും ചെയ്തു. അനേകം ഇന്ത്യാക്കാര്‍ അനുഭവിക്കുന്ന ജീവിതസുരക്ഷിതത്വം ഈ സ്‌നേഹവായ്പിന്‍റെ കൂടെ ഫലമാണ്.

രാജ്യഭരണം ഏറ്റെടുത്ത സുല്‍ത്താന്‍ ഖാബൂസ് ആദ്യം തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. "ഒരു ആധുനിക സര്‍ക്കാര്‍ സൃഷ്ടിക്കുന്ന പ്രക്രിയയില്‍ ഉടന്‍ മുന്നോട്ടു പോകാമെന്നു ഞാന്‍ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും അനാവശ്യമായ എല്ലാ നിയന്ത്രണങ്ങളും ഉടനടി നിര്‍ത്തലാക്കുന്നതാണ് എന്‍റെ ആദ്യ പ്രവര്‍ത്തനം.' അത് അക്ഷരംപ്രതി പാലിച്ചുകൊണ്ടായിരുന്നു അഞ്ചു പതിറ്റാണ്ടു സുല്‍ത്താന്‍ മുന്നോട്ടുപോയത്.

1970 ജൂലൈ 23-ന് സുല്‍ത്താന്‍ ഖാബൂസിന്‍റെ ഭരണം ആരംഭിച്ചു. അന്നു മുതല്‍ വികസനത്തിലേക്കും ആധുനികവല്‍ക്കരണത്തിലേക്കുമുള്ള ഒമാന്റെ പാത വെട്ടിത്തുടങ്ങി. രാജ്യത്തിന്റെ ഒറ്റപ്പെടല്‍ അവസാനിപ്പിച്ച് എണ്ണ വരുമാനം ആധുനികവല്‍ക്കരണത്തിനും വികസനത്തിനും ഉപയോഗിച്ചു. അത് ഒമാനികള്‍ക്കു മാത്രമല്ല ലോകമെമ്പാടുമുള്ള രാജ്യക്കാര്‍ക്കു പ്രയോജനകരമായി. എന്നാലത് ഒരു നീണ്ട അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു കഠിനമായ പ്രക്രിയയായിരുന്നു. വെല്ലുവിളികള്‍ നേരിട്ടുവെങ്കിലും വിജയം ഉറപ്പാക്കി.

"എന്‍റെ ജനങ്ങളേ, നിങ്ങളുടെ ജീവിതം ശോഭനമായ ഭാവിയോടെ സമ്പന്നമായ ഒന്നാക്കി മാറ്റാന്‍ ഞാന്‍ എത്രയും വേഗം മുന്നോട്ടു പോകും' എന്നു സുല്‍ത്താന്‍ നല്കിയ ഉറപ്പ് കൃത്യതയോടെ പാലിക്കപ്പെട്ടു. നിങ്ങളില്‍ ഓരോരുത്തരും ഈ ലക്ഷ്യത്തിലേക്കു തന്‍റെ പങ്ക് വഹിക്കണമെന്നു എന്നു പൗരന്മാരെ ഉത്സാഹിപ്പിക്കാനും മറന്നിരുന്നില്ല.

ഒരു ആധുനിക സര്‍ക്കാരിന്‍റെ വേഗത്തിലുള്ള സ്ഥാപനത്തിനായി സ്വയം സമര്‍പ്പിക്കുമെന്നു വാഗ്ദാനം ചെയ്ത സുല്‍ത്താന്‍ വാക്കുപാലിച്ചു. ജനങ്ങളില്‍ ഭാരം ചുമത്തിയ അനാവശ്യ നിയന്ത്രങ്ങളെല്ലാം ഇല്ലാതാക്കുക എന്ന ആദ്യ ലക്ഷ്യവും വൈകാതെ നടപ്പിലാക്കി. വിദേശ ശക്തികളുടെ അംഗീകാരം ഉറപ്പാക്കാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചു രാജ്യാന്തര രംഗത്തും മികവു പുലര്‍ത്തി.

"പണ്ട് നമ്മുടെ രാജ്യം പ്രശസ്തവും ശക്തവുമായിരുന്നു. നാം ഐക്യത്തിലും സഹകരണത്തിലും പ്രവര്‍ത്തിച്ചാല്‍ ആ മഹത്തായ ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കുകയും ലോകത്ത് മാന്യമായ ഒരു സ്ഥാനം നേടുകയും ചെയ്യും. പതിവുപോലെ ജീവിതം തുടരാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. നമ്മളുടെ പൊതുലക്ഷ്യം നേടാന്‍ ഞാനും എന്റെ പുതിയ സര്‍ക്കാരും പ്രവര്‍ത്തിക്കും.' വെറും ആഹ്വാനങ്ങള്‍ മാത്രമായിരുന്നില്ല അവ. അതിനു പിന്നില്‍ തുടര്‍ച്ചയായ അധ്വാനവും ഇഴപിരിഞ്ഞു ചേര്‍ന്നിരുന്നു.

'എന്റെ ജനങ്ങളേ, എന്റെ സഹോദരന്മാരേ, ഇന്നലെ അത് പൂര്‍ണ അന്ധകാരമായിരുന്നു. ദൈവത്തിന്റെ സഹായത്തോടെ നാളെ മസ്‌ക്കറ്റ്, ഒമാന്‍, അവിടത്തെ ജനങ്ങള്‍ എന്നിവര്‍ക്ക് ഒരു പുതിയ പ്രഭാതമായിരിക്കും.' സുല്‍ത്താന്‍ ഖാബൂസ് സ്വപ്‌നം കണ്ടത് ഫലത്തില്‍ വന്നതാണ് പിന്നെ കണ്ടത്. അന്‍പതു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒമാന്‍, പ്രത്യേകിച്ചു രാജ്യ തലസ്ഥാനമായ മസ്‌ക്കറ്റ് എല്ലാ രംഗങ്ങളിലും അത്യാധുനിക നിരയിലേക്ക് ഉയര്‍ന്നു.

മലയാളികളെ എന്നും സ്വന്തം ജനങ്ങളോടൊപ്പം കണക്കുകൂട്ടിയിരുന്ന സുല്‍ത്താന്‍ ഖാബൂസ് ഒമാനെ പ്രവാസികളുടെ ഇഷ്ടരാജ്യമാക്കി മാറ്റി. താമസിക്കാനും ജോലി ചെയ്യാനും വിനോദ സഞ്ചാരത്തിനും പറ്റുന്ന ഏറ്റവും സുരക്ഷിതവും സൗഹൃദപരവും നയനാനന്ദകരവുമായ ഒരിടം.

ദൈവ വിശ്വാസിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് 'ദൈവം നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ, നമ്മുടെ ശ്രമങ്ങള്‍ക്ക് വിജയം നല്കട്ടെ' എന്നു എല്ലാ കാര്യങ്ങളിലും ആശംസിക്കുമായിരുന്നു. ആ നിറഞ്ഞ പ്രാര്‍ഥന തുടര്‍ന്നും തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും അനുഗ്രഹപ്രദമായി മാറുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

മറഞ്ഞത് ഒമാന്‍റെ പൊന്‍താരകം


മസ്‌ക്കറ്റ്: സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ രാജ്യ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്‍റെ എഴുപതാം ജന്മദിനം പ്രമാണിച്ച് 'ഒമാന്‍റെ സ്വന്തം പൊന്‍താരകം' എന്ന പേരില്‍ റീ-ഡിസ്‌ക്കവര്‍ കേരളയാണ് 2010-ല്‍ സുല്‍ത്താന്‍റെ മലയാളത്തിലുള്ള സചിത്ര ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്. ഒമാന്‍റെ ചരിത്രത്തില്‍ കേരളീയരുടെ മഹത്തായ സംഭാവനയായിരുന്നു അത്.

ഒമാന്‍റെ വളരുന്ന ഗാംഭീര്യത്തിനും പുരോഗതിക്കും പ്രതാപത്തിനും ഖ്യാതിക്കും പിന്നില്‍ സുല്‍ത്താന്‍ ഖാബൂസിന്‍റെ അശ്രാന്ത പരിശ്രമമുണ്ട്. സുല്‍ത്താന്‍റെ ജീവിതത്തേയും വ്യക്തിത്വത്തേയും കാഴ്ചപ്പാടിനേയും വ്യക്തമാക്കുന്ന മലയാളത്തിലുള്ള സചിത്ര ജീവചരിത്രം ഇന്ത്യയും ഒമാനും തമ്മിലുള്ള ഊഷ്മള ബന്ധത്തിനു കെട്ടുറപ്പേകി. ഒമാന്‍റെ അനുദിന വികസനത്തിനായുള്ള മലയാളികളുടെ അധ്വാനവും സഹകരണവും ഏറെ വിലമതിക്കപ്പെടാന്‍ ഈ ജീവചരിത്രം ഒരു കാരണമായിട്ടുണ്ട്.

ഒമാനെ ഒരു ആധുനിക രാജ്യമായി വളര്‍ത്തിക്കൊണ്ടു വരാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സുല്‍ത്താന്‍ ഒരു മാതൃകാ ഭരണനേതാവായിരുന്നു. ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ചു കേരളീയര്‍ക്കു ഏറെ സഹായങ്ങള്‍ ചെയ്തിട്ടുള്ള ലോക നേതാവു കൂടിയാണ് സുല്‍ത്താന്‍ ഖാബൂസ്. ഇന്ത്യയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം അതിനു അടിത്തറയിട്ടിട്ടുണ്ടെന്നു കരുതണം. മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയുടെ ശിഷ്യനായിരുന്നു. ഒരിനം റോസാപ്പൂവിനു പോലും സുല്‍ത്താന്‍ ഖാബൂസിന്‍റെ പേരിട്ടിട്ടുണ്ട്.

ജീവചരിത്രത്തിന്‍റെ ഇന്ത്യയിലെ പ്രകാശനം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അന്നത്തെ കേന്ദ്ര കൃഷി, ഭക്ഷ്യ സഹമന്ത്രി പ്രഫ.കെ.വി.തോമസാണ് നിര്‍വഹിച്ചത്. കേന്ദ്രസാംസ്‌ക്കാരിക വകുപ്പ് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ.സി.വി.ആനന്ദ ബോസ് അത് ഏറ്റുവാങ്ങി.

റിപ്പോർട്ട്: സേവ്യര്‍ കാവാലം