ഇസ് ലാമിക് സെന്‍റർ കെഎംസിസി ദേശീയ ദിനാഘോഷ വാക്കത്തോണിൽ ആയിരങ്ങൾ അണിനിരന്നു
Thursday, December 5, 2019 9:12 PM IST
അബുദാബി: അബുദാബി നഗരത്തെ പുളകമണിയിച്ച് അബുദാബി ഇന്ത്യൻ ഇസ് ലാമിക് സെന്‍റർ, അബുദാബി കെഎംസിസി, സുന്നീ സെന്‍റർ എന്നീ സംഘടനകളുടെ സഹകരണത്തോടെ ഒരുക്കിയ ദേശീയ ദിനാഘോഷ റാലിയിൽ ആയിരങ്ങൾ കണ്ണികളായി.

പോലീസ് മേധാവി സുൽത്താൻ സാലെം ഹുമൈദ് സാലെം അൽ ബാദി ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തോൺ, കോർണിഷ് ഹിൽട്ടൻ ഹോട്ടൽ പരിസരത്ത് നിന്നു വൈകുന്നേരം മൂന്നരക്ക് ആരംഭിച്ച് രണ്ടര കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ആറ് മണിയോടെയാണ് സമാപിച്ചത്. ചതുർവർണ പതാകകളും ഷാളുകളും തൊപ്പികളും അണിഞ്ഞ് യു എ ഇ ദേശീയ ദിനത്തിൽ പോറ്റമ്മ നാടിന്‍റെ ആഘോഷത്തിന് ഐക്യദാർഢ്യം പകരുന്നതിനുവേണ്ടി നടത്തിയ റാലി വീക്ഷിക്കുവാൻ റോഡിനിരുവശവും സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകൾ എത്തിയിരുന്നു.

ദഫ് മുട്ട്, കോൽക്കളി, ചെണ്ടമേളം, കുട്ടികളുടെയടക്കം വൈവിദ്യ മാർന്ന വിവിധ പരിപാടികൾ ഉൾപ്പെടെയുള്ള നിരവധി കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് റാലി നടത്തിയത്. വനിതാ കെ എം സി സിയുടെ കീഴിൽ നൂറു കണക്കിനു വനിതകളും റാലിയിൽ അണിനിരന്നു.

അബുദാബി ഇന്ത്യൻ ഇസ് ലാമിക് സെന്‍റർ പ്രസിഡന്‍റ് പി ബാവഹാജി, ജനറൽ സെക്രട്ടറി എം.പി എം റഷീദ്, ട്രഷറർ ഹംസ നടുവിൽ , അബുദാബി കെ എം സി സി പ്രസിഡന്‍റ് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി അഡ്വ.കെ.വി മുഹമ്മദ് കുഞ്ഞി, ട്രഷറർ പി.കെ അഹമ്മദ് ബല്ലാകടപ്പുറം, സെന്‍റ്ർ വൈസ് പ്രസിഡന്‍റ് ടി.കെ.അബ്ദുസലാം, സുന്നി സെന്‍റർ ജനറൽ സെക്രറി അബ്ദുല്ല നദ് വി, ട്രഷറർ പി കെ കരീം ഹാജി, വൈസ് പ്രസിഡന്‍റ് അബ്ദുൾ റഹിമാൻ തങ്ങൾ, വാക്കത്തോൺ കോഓഡിനേറ്റർ എം എം നാസർ കാഞ്ഞങ്ങാട് , കെഎംസിസി, സുന്നീ സെന്റർ ഭാരവാഹികളായ അസീസ് കാളിയാടൻ , സി സമീർ തൃക്കരിപ്പൂർ ,ഇ.ടി.എം. സുനീർ, മജീദ് അണ്ണൻതൊടി, ഹംസഹാജി മാറാക്കര , അസീസ് മുസ്ല്യാർ, ഹാരിസ് ബാഖവി, അഷറഫ് വാരം, ആലം മാടായി. സഫീഷ്, കബീർ ഹുദവി വനിതാ കെഎംസിസി പ്രസിഡന്‍റ് വഹീദ ഹാരിസ് ഉൾപ്പെടെയുള്ളവർ ഇന്ത്യൻ സമൂഹത്തിന്‍റെ ജനകീയ റാലിക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള