ജലസംഭരണികൾ ഉദ്ഘാടനം ചെയ്തു
1336802
Tuesday, September 19, 2023 11:21 PM IST
മറയൂർ: നബാർഡിന്റെയും മറയൂർ പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും സഹകരണത്തോടെ ഹൈറേഞ്ച് ഡെവലപ്പ്മെന്റ് സൊസൈറ്റി നടപ്പാക്കുന്ന കാർഷിക വികസന പദ്ധതിയുടെ ഭാഗമായി ആദിവാസി കോളനികളിൽ കൃഷി ഇടങ്ങൾ നനയ്ക്കുന്നതിനും അതിലൂടെ കൃഷി വ്യാപിപ്പിക്കുന്നതിനുമായി നിർമിച്ച വാട്ടർ ടാങ്കുകളുടെ ഉദ്ഘാടനം നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ നിർവഹിച്ചു.
മലമടക്കുകളിൽനിന്നും അരുവികളിൽനിന്നും ഉറവകളിൽ നിന്നുമുള്ള വെള്ളം ടാങ്കുകളിൽ സംഭരിച്ച് കൃഷിയിടങ്ങളിൽഎത്തിക്കുകയാണു ലക്ഷ്യം. കൂടാതെ, അന്യംനിന്നുപോയ ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിച്ച് അതിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നതിനുള്ള പുതിയ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു.
മറയൂർ പഞ്ചായത്തിലും അടിമാലി പഞ്ചായത്തിലുമുള്ള 293 കുടുംബങ്ങളെ ഏകോപിപ്പിച്ചാണ് വാല്യൂ ചെയിൻ മില്ലറ്റ് പ്രൊജക്ട് നടത്തുന്നത്.
മറയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന വില്ലേജ് പ്ലാനിംഗ് കമ്മിറ്റി മീറ്റിംഗിൽ മറയൂർ ആദിവാസി കുടികളിൽ ലഭിക്കുന്ന ചുറ്റിന്തുകൾ ഉപയോഗിച്ച് ബ്രാൻഡഡ് ചൂലുകളും മറ്റ് ഉത്പന്നങ്ങൾ ഉപയോഗിച്ച് വിവിധ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുന്നതിനുമായി ഏഴു ലക്ഷം രൂപ അനുവദിച്ചു. ഫാർമർ പ്രൊഡ്യൂസർ കമ്പനി രൂപീകരിക്കുന്നതിനായി 8,80,000 രൂപയും അനുവദിച്ചു.
ആദിവാസി സമൂഹത്തിലെ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെ ഇതിന്റെ ഡയറക്ടർമാരാക്കും. മറയൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ അരുളുജ്യോതി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോമോൻ തോമസ്, ഹൈറേഞ്ച് ഡെവലപ്പ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. മാത്യു തടത്തിൽ, നബാർഡ് ഉദ്യോഗസ്ഥരായ റോഷൻ, ജില്ലാ വികസന മാനേജർ അജീഷ് ബാലു, പഞ്ചായത്തംഗം തങ്കം പരമശിവൻ,വില്ലജ് പ്ലാനിംഗ് കമ്മിറ്റി പ്രസിഡന്റ് സൂര്യൻ, പ്രൊജക്ട് മാനേജർ സിബി തോമസ് എന്നിവർ പ്രസംഗിച്ചു.