അടിസ്ഥാനസൗകര്യങ്ങളില്ലാതെ കട്ടപ്പന പുതിയ ബസ്സ്റ്റാന്‍ഡ്
1572339
Thursday, July 3, 2025 12:05 AM IST
പ്രതിഷേധവുമായി വ്യാപാരികൾ
കട്ടപ്പന: നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുതിയ ബസ് സ്റ്റാന്‍ഡില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി. എല്ലാം ഉടനടി പരിഹരിക്കുമെന്ന വാഗ്ദാനം മാത്രമാണ് നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതോടെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതിയടക്കം രംഗത്ത്.കെട്ടിടത്തിന്റെ പല ഭാഗവും ചോര്‍ന്നൊലിക്കുകയാണ്.
ഇത് കോംപ്ലക്സിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്ക് വലിയ ബുദ്ധിമുട്ടും നഷ്ടവും ഉണ്ടാക്കുന്നു. വലിയ വാടക നല്‍കിയാണ് പല വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അതിനുതക്ക ക്രമീകരണങ്ങളോ സംവിധാനങ്ങളോ കോംപ്ലക്സിലില്ല.
ബസ് സ്റ്റാന്‍ഡ് പൂര്‍ണമായി വൃത്തിഹീനമായ സാഹചര്യത്തിലാണ്. ശുചിമുറി സൗകര്യങ്ങളോ കുടിവെള്ള സംവിധാനങ്ങളോ ഇല്ല. ഇത് വ്യാപാരികള്‍ക്ക് മാത്രമല്ല ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സെക്യൂരിറ്റി ജീവനക്കാരുടെ അഭാവവും പ്രതിസന്ധിയാണ്.
അവധി ദിനങ്ങളിലും രാത്രിസമയങ്ങളിലും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം കൂടിയാണ് ഇവിടം.പുതിയ ബസ് സ്റ്റാന്‍ഡിലെ പ്രതിസന്ധികള്‍ നഗരസഭാ അധികൃതര്‍ മുമ്പാകെ അറിയിച്ചിട്ടും മുഖം തിരിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യാപാരികൾ പറയുന്നു.
ബസ് സ്റ്റാന്‍ഡിനുള്ളില്‍ കാമറ സ്ഥാപിക്കുകയും വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുകയും സെക്യൂരിറ്റിയെ നിയമിക്കുകയും ചെയ്യണമെന്നാണ് വ്യാപാരികളുടെ ആവശ്യം.