ആലപ്പുഴ: ജില്ലാക്കോടതി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന നഗരസഭാവക ജെട്ടി ഷോപ്പിംഗ് കോംപ്ലക്സിലെ രേഖകള്‍ ഹാജരാക്കിയ ലൈസന്‍സികളെ താത്കാലികമായി പുനരധിവസിപ്പിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ പ്രവൃത്തി വേഗത്തിലാക്കുന്നതിനാണ് നഗരസഭ അടിയന്തരമായി തീരുമാനം കൈക്കൊണ്ടത്. നഗരസഭാ വക ഇഎംഎസ് സ്റ്റേഡിയത്തിലെ കടമുറികളിലാണ് ഇവരെ പുനരധിവസിപ്പിക്കുന്നത്.
പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സീ വ്യൂ വാര്‍ഡില്‍ ആരംഭിക്കുന്ന വുമണ്‍ എമ്പവര്‍മെന്റ് ആൻഡ് ഫെസിലിറ്റേഷന്‍ സെന്ററിന് ഭരണാനുമതി ലഭ്യമാക്കാനും തുടര്‍ പരിപാലനം നഗരസഭ ഏറ്റെടുക്കാനും കൗണ്‍സില്‍ അംഗീകാരം നല്കി.
ഹോട്ടലുകള്‍, ബാറുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, മറ്റു വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചതിന്‍പ്രകാരം മാനദണ്ഡങ്ങള്‍ പാലിച്ച അമല എക്കോക്ലീന് പ്രൈവറ്റ് ലിമിറ്റഡിന് ഹോട്ടല്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും ചിക്കന്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ജന്നത്ത് ഫാമിനും കരാര്‍ നല്കാന് തീരുമാനിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2007 മുതല്‍ പദ്ധതിയില്‍ ഉള്‍പ്പെടുകയും കരാറില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്തിട്ടുള്ള ഗുണഭോക്താക്കളെ പൂര്‍ണമായും ഒഴിവാക്കാനും ഒന്നാം ഗഡു വാങ്ങി യാതൊരു തുടര്‍പ്രവര്‍ത്തനവും നടത്താത്തവരെ ഭവന സന്ദര്‍ശനത്തിലൂടെ ഭവന നിര്‍മാണം പൂര്ത്തീകരിപ്പിക്കുന്നതിനു വേണ്ട ഇടപെടലുകള്‍ നടത്താനും പൂര്‍ണമായും സാധ്യമാകാത്തവരെ ഒഴിവാക്കുന്നതിനും തീരുമാനിച്ചു.
പുന്നമട നെഹ്റുട്രോഫി പ്രദേശത്തെ നഗരസഭയുടെ മുഴുവന്‍ കടത്തു സര്‍വീസ് കടവുകളിലും സര്‍വീസ് സമയവും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ യാത്രാവിവര ബോര്‍ഡുകള്‍ പദ്ധതി റിവിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാൻ തീരുമാനിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെകെ ജയമ്മ അധ്യക്ഷത വഹിച്ച കൗണ്‍സിലില്‍ വൈസ് ചെയര്മാന് പിഎസ്എം ഹുസൈന് സ്ഥിരം സമിതി അധ്യക്ഷരായ എഎസ് കവിത, എം.ആര്. പ്രേം, കക്ഷിനേതാക്കളായ സൗമ്യരാജ്, അഡ്വ. റീഗോ രാജു, കൗണ്‍സിലര്‍മാരായ ബി. മെഹബൂബ്, ബി. അജേഷ്, ഇല്ലിക്കല്‍ കുഞ്ഞുമോന്, മനു ഉപേന്ദ്രന്, ആര് രമേഷ്, ബി. നസീര്‍, എല്ജിന് റിച്ചാർഡ്, കൊച്ചുത്രേസ്യാമ്മ ജോസഫ്, സെക്രട്ടറി എ.എം. മുംതാസ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ മഞ്ജു തുടങ്ങിയവര്‍ പ്രസംഗിച്ചു.