ഭൂഗര്ഭ ജലനിരപ്പ് താഴ്ന്നു; വരള്ച്ച രൂക്ഷമായേക്കും
1263050
Sunday, January 29, 2023 10:24 PM IST
പത്തനംതിട്ട: ജലവിതരണ പദ്ധതികളുടെയും വൈദ്യുത പദ്ധതികളുടെയും നാടായ പത്തനംതിട്ട കടുത്ത വരള്ച്ചയിലേക്ക്. പമ്പ, അച്ചന്കോവില്, മണിമല, കല്ലട എന്നീ നദികളിലെല്ലാം ജലനിരപ്പ് കുറഞ്ഞതോടെ ജില്ലയിലെ ഭൂഗര്ഭ ജലനിരപ്പും ക്രമാതീതമായി താഴുന്നതിന്റെ ലക്ഷണങ്ങള് കണ്ടുതുടങ്ങി. നദീ തീരങ്ങളിലേതടക്കം കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്.
താളം തെറ്റി പന്പിംഗ്
ജലനിരപ്പ് താഴ്ന്നതോടെ ജലവിതരണ പദ്ധതികളുടെ പ്രവര്ത്തനമടക്കം തടസപ്പെട്ടു തുടങ്ങി. പമ്പയുടെ തീരത്തു മാത്രം 18 പ്രധാന ശുദ്ധജല വിതരണ പദ്ധതികളാണ് ജില്ലയിലുള്ളത്.
നദിയോടു ചേര്ന്നു കിണറുകള് നിര്മിച്ചു വെള്ളം പമ്പു ചെയ്യുന്ന പദ്ധതികളുടെ പ്രവര്ത്തനങ്ങളും താളംതെറ്റിത്തുടങ്ങി. നദികളിലെ ജലനിരപ്പ് കുറഞ്ഞതോടെ കിണറുകളിലും വെള്ളം കുറഞ്ഞു.
ഒഴുക്ക് കുറഞ്ഞു
കിഴക്കന് മേഖലയിലെ കാട്ടരുവികളും നീരുറവകളും വറ്റി വരണ്ടതോടെയാണ് നദിയിലെ ഒഴുക്ക് കുറഞ്ഞത്. പമ്പയില് ജലനിരപ്പ് വളരെ വേഗമാണ് താഴുന്നത്. പല ഭാഗങ്ങളിലും ഒഴുക്ക് നാമമാത്രമാണ്. നദിയുടെ അടിത്തട്ട് താഴ്ന്നതും ജലമൊഴുക്കിനെ ബാധിച്ചിട്ടുണ്ട്. വെള്ളം കുറയുന്നതു ജലവിതരണ പദ്ധതിയിലൂടെ ശുദ്ധജലം നല്കാനും തടസമാകും. ഭൂരിഭാഗം പദ്ധതികള്ക്കും ശുദ്ധീകരണ ശാലകള് ഇല്ല. ക്ലോറിനേഷന് നടത്തിയാണ് വെള്ളം പമ്പു ചെയ്യുന്നത്.
പകൽ താപനില
കഴിഞ്ഞയാഴ്ച ചെറിയതോതില് മഴ ലഭിച്ചെങ്കിലും ജലനിരപ്പ് ഉയരാന് പര്യാപ്തമായിരുന്നില്ല. ഇക്കുറി തുലാംവര്ഷം ശക്തമല്ലായിരുന്നതും വരള്ച്ച നേരത്തെയാകാന് കാരണമായി.
കഴിഞ്ഞ വര്ഷം ശക്തമായ മഴ നവംബര് വരെയുണ്ടായിരുന്നതിനാല് വരള്ച്ച രൂക്ഷമായിരുന്നില്ല.
ഇത്തവണ പക്ഷേ ശക്തമായ മഴ നവംബര്, ഡിസംബര് മാസങ്ങളില് ലഭിച്ചിട്ടില്ല.
ഇതിനൊപ്പം പകല് താപനില ഉയരുന്നതും വെള്ളം വേഗത്തില് വറ്റാന് കാരണമാകുന്നുണ്ട്.