റബർ വില സർവകാല റിക്കാർഡിൽ: നേട്ടം കൊയ്യാനാകതെ കർഷകർ
1444133
Monday, August 12, 2024 1:03 AM IST
പെരുമ്പടവ്: റബർ വില 250 രൂപയും കടന്ന് സർവകാല റിക്കാർഡിൽ. ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് നാലിന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത്. 2011 ഏപ്രിലിലാണ് ഇതിന് മുന്പ് വില ഏറ്റവും കൂടുതൽ ഉയർന്നത്. 243 രൂപയായിരുന്നു അന്ന് ആഭ്യന്തര വിപണിയിലെ വില.
റബർ വില ഉയർന്നത് കർഷകർക്ക് പ്രതീക്ഷ നല്കുന്നുണ്ട്. എന്നാൽ 12 വർഷം മുന്പത്തെ ഉയർന്ന വിലയിലേക്ക് റബർ കുതിക്കുമ്പോൾ ഇലപൊഴിച്ചിൽ രൂക്ഷമായതിന്റെ ആശങ്കയിലാണ് കർഷകർ.
അതിതീവ്രമഴ തുടർന്നതോടെ കുമിൾരോഗ ബാധ വർധിച്ചതാണ് ഇലപൊഴിച്ചിൽ കൂടാൻ കാരണ മായത്. മരുന്ന് തളിക്കാനുള്ള സബ്സിഡി അനുവദിക്കുന്ന കാര്യത്തിൽ റബർ ബോർഡ് സ്വീകരിച്ച അനിശ്ചിതത്വവും കർഷകർക്ക് ഇരുട്ടടിയായി. കാലവർഷം നേരത്തേ തന്നെ ശക്തി പ്രാപിച്ചതോടെ ഇലപൊഴിച്ചിൽ ഇത്തവണ നേരത്തേ തുടങ്ങി. ദീർഘകാലം ഇലയില്ലാതെ നില്ക്കേണ്ടി വരുന്നതിനാൽ മരം തന്നെ നാശത്തിന്റെ ഭീഷണിയിലാണ്. മഴക്കാലത്ത് മഴമറ ഇട്ടുള്ള ടാപ്പിംഗും നടന്നിട്ടില്ല.
കുമിൾ രോഗബാധ രൂക്ഷമായതിനാൽ പാൽ തീരെ കുറയും. കിട്ടുന്ന പാലിൽ ഡിആർസി (ഡ്രൈ റബർ കണ്ടന്റ്) കുറയുകയും ചെയ്യും. ഇക്കുറി റബറിന് 30 ശതമാനം മുതൽ 50 ശതമാനം വരെ ഉത്പാദനം നഷ്ടം ഉണ്ടായേക്കുമെന്നാണു കർഷകരുടെ ആശങ്ക. അടുത്ത സീസണിലെ ഉത്പാദനത്തേയും ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
മഴ ആരംഭിക്കും മുന്പ് ബോർഡോ മിശ്രിതം റബർ മരങ്ങളുടെ ഇലകളിൽ തളിക്കാറുണ്ട്. ഇത് ഇലപൊ ഴിയുന്നതിന് അനുബന്ധിച്ചുള്ള കുമിൾരോഗ ബാധ റബറിനെ ഗുരുതരമായിബാധിക്കുന്നത് ഇല്ലാതാക്കും. മരുന്ന് തളിക്കാൻ ചെലവാകുന്ന തുകയുടെ പകുതി റബർ ബോർഡ് സബ്സിഡി യായും നൽകുന്നതായിരുന്നു പതിവ്.
മരുന്നു തളിക്കാൻ കർഷകർ മാർച്ചിൽ തന്നെ റബർ കർഷക സംഘങ്ങൾ വഴി പണം മുൻകൂറായി അടയ്ക്കണം. ഇക്കുറി സബ്സിഡി സംബന്ധിച്ചു അനിശ്ചിതത്വം നിലനിന്നതിനാൽ ഭൂരിഭാഗം കർഷകർക്കും മരുന്ന് തളിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം.
അതുപോലെ തോട്ടങ്ങളിൽ റെയിൻ ഗാർഡിംഗ് നടത്താനും കർഷകർക്ക് സാധിച്ചിട്ടില്ല. കാലവർഷം ആരംഭത്തിലാണ് പൊതുവേ റെയിൻ ഗാർഡിംഗ് നടത്താറ്. എന്നാൽ നേരത്തേയുള്ള മഴ കാരണം റെയിൻ ഗാർഡിംഗ് നടത്താൻ സാധിച്ചിട്ടുമില്ല. ഇതുമൂലം മലയോരത്തെ ചെറുകിട റബർ കർഷകർക്ക് റബർ ടാപ്പിംഗ് ഇതുവരെ ആരംഭിക്കാനും കഴിഞ്ഞിട്ടില്ല. ഉയർന്ന വില നില്ക്കുമ്പോഴും അതിന്റെ നേട്ടം കൊയ്യാൻ ഇതുവരെ കർഷകർക്ക് സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.