നിർമാണ സാമഗ്രികളുടെ വില വർധനവ് : സാധാരണക്കാരുടെ വീടെന്ന സ്വപ്നത്തിന് തിരിച്ചടി
1454940
Saturday, September 21, 2024 5:37 AM IST
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ സാധാരണക്കാർക്ക് ഒരു വീടെന്ന സ്വപ്നത്തിന് തിരിച്ചടിയായി നിർമാണ സാമഗ്രികളുടെ വിലക്കയറ്റം. മറ്റ് ജില്ലകളെ അപേക്ഷിച്ച് കല്ല്, മണൽ എന്നിവയ്ക്ക് വില കുത്തനെയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉയർന്നിരിക്കുന്നത്. പരിസ്ഥിതി ലോല മേഖലയുടെ പേരിൽ വന്ന നിയന്ത്രണങ്ങളാണ് ആദ്യം നിർമാണ പ്രവർത്തികൾക്ക് വിഘാതമായത്.
ശേഷം മുണ്ടക്കൈ ഉരുൾ പൊട്ടൽ ദുരന്തത്തോടെ നിയന്ത്രണങ്ങൾ കൂടി വന്നത് സാധാരണക്കാർക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. നേരത്തെ കല്ലും മണലും മെറ്റലുമെല്ലാം ജില്ലയിൽ നിന്ന് തന്നെ ഖനനം ചെയ്തായിരുന്നു ഇവിടുത്തെ നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിച്ചിരുന്നത്.
എന്നാൽ ഖനനത്തിന് നിയന്ത്രണം വന്നതോടെ ഇവിടുത്തെ ക്വാറികളും ക്രഷറുകളും അടഞ്ഞു. ഇതോടെ ജില്ലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ട കല്ലും മണലും ഉൾപ്പെടെയുള്ള സമാഗ്രികൾ കർണാടകയിൽ നിന്നും കോഴിക്കോട് ജില്ലയിൽ നിന്നുമെത്തിക്കേണ്ട അവസ്ഥയാണ്.
മുണ്ടക്കൈ ദുരന്തത്തോടെ ജില്ലയിൽ പ്രവർത്തിച്ചിരുന്ന മുഴുവൻ സ്വകാര്യ ക്വാറികളും അടഞ്ഞു. ഇതോടെ ഒരു കഷണം മെറ്റല് കിട്ടണമെങ്കിൽ പോലും അയൽ സംസ്ഥാനത്തെയോ അയൽ ജില്ലയെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. കർണാടകയിൽ നിന്ന് എത്തുന്ന കല്ലിനും മണലിനമാണെങ്കിൽ ഗുണനിലവാരവും കുറവാണ്. വിലയിൽ വർധനവ് വന്നപ്പോൾ അളവിൽ പോലും കുറവ് വന്നു.
ഉരുൾപൊട്ടലുണ്ടായത് മുണ്ടക്കൈയിലാണെങ്കിലും അതിന്റെ തിക്തഫലം ജില്ലയൊന്നാകെ അനുഭവിക്കുകയാണ്. ദുരന്തത്തിന് ശേഷം ജില്ലയിൽ അഞ്ച് മുതൽ എട്ട് രൂപവരെയാണ് മണൽ, മെറ്റൽ എന്നിവക്ക് ഒരു അടിക്ക് വർധിച്ചത്.
മെറ്റൽ ചുരത്തിന് താഴെയുള്ള ക്രഷറുകളിൽ അടിക്ക് 30 രൂപയാണെങ്കിൽ അത് ജില്ലയിലെ യാർഡുകളിൽ എത്തിച്ച് നിർമാണം നടക്കുന്ന സ്ഥലത്ത് എത്തുന്പോഴേക്കും അടിക്ക് 55 രൂപയ്ക്ക് മുകളിലാകും. മണലിന്റെ വിലയിലും ഇത്തരത്തിൽ വർധനവ് വന്നിട്ടുണ്ട്. കല്ലിനും മണലിനും വില ഏകീകൃതമല്ലെന്നതും സാധാരണക്കാർക്ക് തിരിച്ചടിയാകുന്നുണ്ട്.
വീട് നിർമാണത്തിനാവശ്യമായ വെട്ടുകല്ലിന്റെ കാര്യത്തിലും അമിത വിലയാണ്. സാധാരണ ഗതിയിൽ 14 ഇഞ്ച് നീളവും എട്ട് ഇഞ്ച് വീതിയും എട്ട് ഇഞ്ച് ഉയരവുമുള്ള വെട്ട് കല്ലാണ് ക്വാറിയിൽ നിന്ന് വെട്ടിയെടുക്കുന്നത്.
അതേസമയം വയനാട് ജില്ലയിലേക്ക് അയക്കുന്ന കല്ലിന്റെ വലുപ്പം 12 ഇഞ്ച് നീളവും 7 ഇഞ്ച് വീതിയും എട്ട് ഇഞ്ച് ഉയരുവുമുള്ള കല്ലാണ്. പക്ഷെ വിലയിൽ മാറ്റമില്ല. ഇവിടെ എത്തുന്പോഴേക്കും കല്ലൊന്നിന് 58 മുതൽ 60 രൂപ വരെയാകും.
വെട്ട് കൽ ക്വാറിയിൽ കല്ലൊന്നിന് 22മുതൽ 25 രൂപ വരെയാണ് വാങ്ങുന്നത്. ഈ വിലക്കയറ്റത്തിനിടയിൽ സാധാരണക്കാർക്ക് ഒരു നിർമാണ പ്രവൃത്തി നടത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുകയാണ്. വീട് നിർമിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വേണ്ടി കാത്തിരുന്ന സാധാരണക്കാരായ ജനങ്ങളെയാണ് ഇത് ഏറെ വലച്ചത്. കല്ലും മണലും കട്ടയ്ക്കും വില വർധിച്ചപ്പോൾ സിമന്റ് കന്പി എന്നിവയ്ക്കു വില കുറഞ്ഞിട്ടുണ്ട്.
സിമന്റിന് ചാക്കിന് മുകളിൽ 40 രൂപയുടെ കുറവും കന്പി കിലോയ്ക്ക് അഞ്ച് മുതൽ ആറ് രൂപവരെയുമാണ് കുറഞ്ഞത്. അതേസമയം ഉരുൾപൊട്ടലിന് ശേഷം തൊഴിൽ കുറഞ്ഞതിനാൽ അഥിതി തൊഴിലാളികൾ കൂട്ടത്തോടെ തിരിച്ച് നാട്ടിലേക്ക് മടങ്ങിയതും തൊഴിലാളി ക്ഷാമത്തിനും കാരണമാകുന്നുണ്ട്.
ഇതിനെല്ലാം പുറമെ വീട് നിർമാണത്തിന് പഞ്ചായത്തിന്റെയോ മുനിസിപ്പാലിറ്റിയുടെയോ അനുവാദം വേണം. മുണ്ടൈക്കൈ ദുരന്തമുണ്ടായതോടെ പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അനാവശ്യമായ നിയന്ത്രണങ്ങളുടെ പേര് പറഞ്ഞ് പെർമിറ്റ് വൈകിപ്പിക്കുകയാണെന്ന ആരോപണവുമുണ്ട്.