പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം: കുടിയേറ്റ മേഖല ജനസാഗരമായി
1466590
Tuesday, November 5, 2024 1:17 AM IST
പുൽപ്പള്ളി: കുടിയേറ്റ മേഖലയിൽ ആവേശം വിതറി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഉച്ചയ്ക്ക് ഒന്നോടെ പുൽപ്പള്ളി ടൗണിൽ എത്തിയ പ്രിയങ്ക ഗാന്ധിയെ ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തുടർന്ന് പുൽപ്പള്ളി ടൗണിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിച്ചശേഷം മുള്ളൻകൊല്ലി പഞ്ചായത്തിലെ പാടിച്ചിറയിൽ നടത്തിയ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും പ്രിയങ്ക ഗാന്ധി പ്രസംഗിച്ചു. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹാരം കാണാൻ ഒപ്പം ഉണ്ടാകുമെന്ന് പ്രവർത്തകർക്ക് ഉറപ്പ് നൽകി.
തുടർന്ന് പുൽപ്പള്ളി പഴശിരാജ കോളജിലും സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും നേരിൽ കണ്ടാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനക്കൂട്ടമാണ് പ്രിയങ്ക ഗാന്ധിയെ കാണാൻ എത്തിയത്. പ്രിയങ്ക ഗാന്ധിയോടൊപ്പം യുഡിഎഫ് നേതാക്കളായ ഡീൻ കുര്യാക്കോസ് എംപി, ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, എ.പി.അനിൽകുമാർ എംഎൽഎ, കെ.എൽ. പൗലോസ്, എൻ.യു. ഉലഹന്നാൻ, പി.ഡി. സജി, ഒ.ആർ. രഘു, ഗോകുൽദാസ് കോട്ടയിൽ, പി.ഡി. ജോണി, ടി.എസ്. ദിലീപ് കുമാർ, പി. വിജയൻ, തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.