ബിജെപി സർക്കാർ പൗരാവകാശം അടിച്ചമർത്തുന്നു: പ്രിയങ്ക ഗാന്ധി
1466592
Tuesday, November 5, 2024 1:17 AM IST
മുട്ടിൽ: പൗരന്റെ അവകാശങ്ങളെ അടിച്ചമർത്തി, അധികാരത്തിനും രാഷ്ട്രീയനേട്ടങ്ങൾക്കും വേണ്ടി ജനങ്ങൾക്കിടയിൽ ഛിദ്രതയുണ്ടാക്കുകയാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ 10 വർഷമായി തുടരുന്നതെന്ന് പ്രിയങ്ക ഗാന്ധി.
മുട്ടിലിൽ നടന്ന യുഡിഎഫ് കോർണർ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിൽ തുടരാമെന്നാണ് മോദി വിശ്വസിക്കുന്നത്. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി നാടിന്റെ മൂല്യങ്ങളെയും സംസ്കാരങ്ങളെയും തകർക്കുകയാണ് മോദി ഭരണകൂടം. കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കുറച്ചിരിക്കുകയാണ്. ഇത്തരം വിഷയങ്ങളിലെല്ലാം വയനാടിന്റെ ശബ്ദം ലോക്സഭയിലും മറ്റിടങ്ങളിലുമെത്തിക്കുമെന്നും പ്രിയങ്ക പറഞ്ഞു. പരസ്പര സ്നേഹത്തിന്റെയും മതമൈത്രിയുടെയും നാടാണ് വയനാട്. രാധാ ഗോപിമേനോൻ മുസ്ലിം പള്ളിയുടെ നേതൃത്വത്തിലിരുന്നത് ഈ നാട്ടിലാണ്.
മുട്ടിൽ യതീംഖാനയിലെ മുഹമ്മദ് ജമാൽ സാഹിബ്, ഒരു പുരുഷായുസ് മുഴുവൻ സഹജീവി സ്നേഹത്തിനും അവരുടെ ഉന്നമനത്തിനുമായാണ് ജീവിച്ചത്. ഈ നൻമയും സൗഹാർദ്ദത്തിന്റെ പാരന്പര്യവുമാണ് രാജ്യത്തിന് വേണ്ടതെന്നും അതിനായാണ് തന്റെ സ്ഥാനാർഥിത്വമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന്.
മെഡിക്കൽ കോളജ് എന്നത് വയനാട്ടുകാർക്ക് ഇപ്പോഴും പൂർത്തിയാവാത്ത സ്വപ്നമാണ്. രാഹുൽ ഗാന്ധി മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ ഒരുപാട് ശ്രമിച്ചു. അതിൽ കുറച്ച് പുരോഗതിയുണ്ടായി. എന്നാൽ ഇത്ര കഠിനമായി പരിശ്രമിച്ചിട്ടും അവിടെ മെഡിക്കൽ കോളജ് എന്ന ഒരു ബോർഡ് അല്ലാതെ യാതൊരു സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടില്ല. വയനാട്ടിലെ മെഡിക്കൽ കോളജെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പരാമാവധി ശ്രമിക്കും. പ്രിയങ്ക പറഞ്ഞു. കുടിവെള്ളപ്രശ്നങ്ങൾ, വീടുകൾ നിർമിക്കുന്നതിനാവശ്യമായ സാന്പത്തികസഹായം, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ, രാത്രിയാത്രാ നിരോധനം, ചുരം ബദൽറോഡുകൾ മനുഷ്യവന്യജീവി സംഘർഷം, വിനോദസഞ്ചാരമേഖലയിലെ പരിമിതികൾ എന്നിങ്ങനെയുള്ള വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിനായി നമുക്ക് ഒരുമിച്ച് നിന്ന് പോരാടും.
ജില്ലയിൽ ഭക്ഷ്യസംസ്ക്കരണത്തിനുള്ള സംവിധാനങ്ങളുണ്ടെങ്കിൽ വയനാടൻ ജനതയുടെ കൃഷിവിളകൾ കൃത്യമായി വിപണിയിലെത്തിക്കാൻ സാധിക്കും. ഇനിയും ഒരുമിച്ച് പോരാടാമെന്നും ലോകം മുഴുവൻ വയനാട് തിളങ്ങുന്നതിന് വേണ്ടി ഒരുമിച്ച് നിൽക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ സലാം നീലിക്കണ്ടി അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ എംപി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി.അബ്ദുസമദ് സമദാനി എംപി, ടി. സിദ്ദിഖ് എംഎൽഎ, കെ.കെ. അഹമ്മദ് ഹാജി, ടി. മുഹമ്മദ്, എൻ.ഡി. അപ്പച്ചൻ, എൻ.കെ. റഷീദ്, പി.പി. ആലി, എം.പി. നവാസ്, വടകര മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.