തൊഴിലാളികളുടെ ശീത സമരം; ബേപ്പൂര്‍ ഗോഡൗണില്‍ അരി നശിക്കുന്നു
1581503
Tuesday, August 5, 2025 7:41 AM IST
കോഴിക്കോട്: ബേപ്പൂര്‍ എന്‍എഫ്എസ്എ ഡിപ്പോ തൊഴിലാളികള്‍ക്കിടയിലെ ശീതസമരത്തിന് മാസങ്ങള്‍ പിന്നിട്ടിട്ടും പരിഹാരമാകാത്തതിനാല്‍ റേഷന്‍ സാധനങ്ങള്‍ നശിക്കുന്നു. ചാക്കുകണക്കിന് അരിയാണ് കഴിഞ്ഞ ആറുമാസമായി ഇവിടെ ഉപയോഗിക്കാതെ കിടക്കുന്നത്.
ചാക്കുപൊട്ടി നിലത്ത് അരി പരന്നുകിടക്കുന്നതും കാണാം. ഓരോ മാസവും എത്തുന്ന അരി റേഷന്‍കടകളിലേക്ക് മുഴുവനായും എത്തിക്കാന്‍ കഴിയാത്തതിനാലാണ് കെട്ടികിടന്ന് കേടാവുന്നതെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. ലേബര്‍ ഓഫീസറുടെ നേതൃത്വത്തിലും മറ്റും ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെയും തീരുമാനമായിട്ടില്ല.സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലെ 84 റേഷന്‍ കടക്കാര്‍ക്കാണ് ഇവിടെ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നത്. സമരം തീര്‍ക്കണമെന്നാവശ്യപ്പെട്ട് ഇന്നെല റേഷന്‍ വ്യാപാരികള്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
സ്ഥലപരിമിതിയെ തുടര്‍ന്ന് കൊവിഡിന് മുമ്പ് അരി, ഗോതമ്പ് എന്നിവയുടെ വിതരണം വെള്ളയില്‍ ഡിപ്പോയിൽനിന്ന് ബേപ്പൂരിലേക്ക് മാറ്റിയതോടെയാണ് പ്രശ്നം തുടങ്ങിയത്. വെള്ളയിലെ തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായി. അവര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വെള്ളയിലെയും ബേപ്പൂരിലെയും തൊഴിലാളികള്‍ക്കായി തൊഴില്‍ വീതിച്ചു. വെള്ളയിലെ തൊഴിലാളികള്‍ക്ക് 75 ശതമാനവും ബേപ്പൂരിലെ തൊഴിലാളികള്‍ക്ക് 25 ശതമാനവും.
ഈ വ്യവസ്ഥ തൊഴിലാളികള്‍ക്ക് സ്വീകാര്യമായില്ല. 56 ശതമാനം തൊഴിലാണ് ബേപ്പൂരിലെ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഈ പ്രശ്നം ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ബേപ്പൂര്‍ ഡിപ്പോയിലെ കേടായ അരി വിതരണത്തിനു നല്‍കരുതെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി ഭക്ഷ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.