കുട്ടികള്‍ക്ക് പോഷകസമൃദ്ധ ഭക്ഷണം ഒരുക്കി കല്ലോട് എഎല്‍പിഎസ്
1581490
Tuesday, August 5, 2025 7:40 AM IST
പേരാമ്പ്ര: വിദ്യാര്‍ഥികള്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം നല്കി കല്ലോട് എ.എല്‍.പി സ്ക്കൂള് മാതൃകയാകുന്നു. പതിവ് ഉച്ചഭക്ഷണത്തിന് പുറമെ വിവിധതരത്തിലുള്ള ആഹാര - പാനീയങ്ങള്‍ നല്കുന്ന പദ്ധതിയാണ് പി.ടി.എയും അധ്യാപകരും പൊതു ജനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്നത്.
1986 പൂര്‍വ്വ വിദ്യാര്‍ഥി ബാച്ചിന്റെ സഹായത്തോടെ കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ഹോര്‍ലിക്സ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. നിലവില്‍ മറ്റ് വിദ്യാലയത്തില്‍ നല്കുന്നതുപോലെ തിങ്കളാഴ്ചയും ബുധനാഴ്ചയും പാലും വെള്ളിയാഴ്ച മുട്ടയും നല്‍കുന്നുണ്ട്. മറ്റ് മൂന്ന് ദിവസങ്ങളില്‍ കഞ്ഞി വിതരണവുമുണ്ട്. എല്ലാ ബുധനാഴ്ചയും കോഴിയിറച്ചി കറിയും വിതരണം ചെയ്യുന്നു.
സ്കൂള്‍ ലീഡര്‍ അബ്ദുള്‍ സയ്യാന്‍ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഹോര്‍ലിക്സ് കൈമാറി കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. പി.ടി.എ പ്രസിഡന്റ് അജീഷ് കല്ലോട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.എസ്.ജി പ്രസിഡന്റ് വേണു, പി.ടി.എ വൈസ് പ്രസിഡന്റ് കെ.സി. രജീഷ്, പ്രധാനാധ്യാപിക ഷീബ തുടങ്ങിയവര്‍ പ്രസംഗിച്ചു.