ദുരിതബാധിതര്‍ക്കുള്ള ഫണ്ട്: എല്‍ഡിഎഫ് കുപ്രചരണം നടത്തുന്നെന്ന്
1581488
Tuesday, August 5, 2025 7:40 AM IST
താമരശേരി: ചൂരല്‍മല ഉരുള്‍ ദുരിതബാധിതര്‍ക്കായി ഓമശ്ശേരി പഞ്ചായത്ത് ജനകീയസമിതി സ്വരൂപിച്ച ഫണ്ടുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നുണ പ്രചരിപ്പിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. കരുണാകരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ വിനിയോഗിക്കുന്നതിനായാണ് ഫണ്ട് ശേഖരിച്ചത്. ഇപ്പോള്‍ അഴിമതി ആരോപണമുന്നയിച്ച പ്രതിപക്ഷ മെമ്പര്‍ ഉള്‍പ്പടെയുള്ള ജനകീയ സമിതി ഭാരവാഹികള്‍ മേപ്പാടി പഞ്ചായത്ത് അധികൃതരുമായി നേരിട്ടും അല്ലാതെയും പല തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്.
ദുരന്തത്തില്‍ നാമാവശേഷമായ വെള്ളാര്‍മല സ്കൂളിലെ എല്പിവിഭാഗം വിദ്യാര്‍ഥികള്‍ക്കായി മേപ്പാടി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് ബില്‍ഡിംഗ് അസോസിയേഷന് ഓഫ് ഇന്ത്യ നിര്‍മ്മിച്ച് നല്കുന്ന കെട്ടിടത്തിലെ മുഴുവന്‍ ക്ലാസുകളും സ്മാര്‍ട്ട് റൂമുകളാക്കുന്നതിന് ഈഫണ്ട് വിനിയോഗിക്കുന്നതിനാണ് ചര്‍ച്ചകളില്‍ ധാരണയായത്. ഇക്കാര്യം പഞ്ചായത്ത് ഭരണസമിതിയില്‍ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്. കെട്ടിട നിര്‍മ്മാണം ത്വരിത ഗതിയില്‍ നടന്നു വരുന്നുണ്ട്. അത് പൂര്‍ത്തിയായാല്‍ മാത്രമേ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ.
പിരിവെടുത്ത് ലഭിച്ച അഞ്ചര ലക്ഷം രൂപ സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ ഓമശ്ശേരി ബ്രാഞ്ചില്‍ ചെയര്മാന്, ജനറല്‍ കണ്‍വീനര്‍ എന്നിവരുടെ പേരില്‍ തുടങ്ങിയ ജനകീയ സമിതിയുടെ ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്.
ജനകീയ സമിതി ചെയര്‍മാനെ വ്യക്തിഹത്യ ചെയ്തവര്‍ക്കെതിരെ താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയതായും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. ജനകീയ സമിതി ചെയര്മാന് പി.കെ.ഗംഗാധരന്, മറ്റു ഭാരവാഹികളായ യൂനുസ് അമ്പലക്കണ്ടി, സൈനുദ്ദീന്‍ കൊളത്തക്കര, പി.എ.ഹുസൈന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.