ദേശിയ കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായി പതിനാലുകാരന് മലയാളി ‘ഷോണാല്‍ കുനിമേല്‍
1581502
Tuesday, August 5, 2025 7:41 AM IST
കോഴിക്കോട്: മീക്കോ മോട്ടോര്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച എഫ്എംഎസ്സിഐ(ഫെഡറേഷന് ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ് ഓഫ് ഇന്ത്യ) റോട്ടാക്സ് മാക്സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായി മലയാളിയായ പതിനാലുകാരന്.
കോയമ്പത്തൂരില്‍ നടന്ന ദേശിയ കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടില്‍ ആവേശകരമായ വിജയമാണ് ഇന്ത്യന്‍ റേസിംഗ് രംഗത്തെ ഭാവി വാഗ്ദാനമായ ഷോണാല്‍ കുനിമേല്‍ നേടിയത്. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശികളായ ഷോജയ് കുനിമേലിന്റെയും നബ്രീസ് ഖന്ഡീലിന്റെയും മകനാണ്. മസ്കറ്റില്‍ ഐടി ടെക്നിക്കല്‍ മാനേജരാണ് ഷോജയ്. ഇനി ചെന്നൈയിലും ബംഗളരുവിലും അടുത്തഘട്ടം മത്സരങ്ങളുണ്ട്. ബഹ്റൈനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് ഇതില്‍നിന്നായിരിക്കും തെരഞ്ഞെടുക്കുക.
ദീര്‍ഘകാലമായി ഒമാനില്‍ താമസിക്കുന്ന ഷോണാല്‍ ഗള്‍ഫ് മേഖലയിലുടനീളം ഒമ്പത് വര്‍ഷത്തിലധികം റേസിംഗ് പരിചയത്തോടെയാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ എത്തിയത്. യുഎഇ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലുടനീളമുള്ള ടോപ്-ടയര്‍ കാര്‍ട്ടിംഗ് സര്‍ക്യൂട്ടുകളില്‍ പങ്കെടുത്തിട്ടുണ്ട്.
യുഎഇ റോട്ടാക്സ് മാക്സ് ചലഞ്ച് ഓവറോള്‍ ചാമ്പ്യന്‍, ഐഎഎംഇ യുഎഇ ചാമ്പ്യന്‍, ഒമാന്‍ റോട്ടാക്സ് മാക്സ് ചലഞ്ച് ചാമ്പ്യന്‍, ദുബായ് ഒ-പ്ലേറ്റ് ചാമ്പ്യന്‍ തുടങ്ങിയ ധാരാളം വിജയങ്ങള്‍ ഷോണാല്‍ നേടിയുട്ടുണ്ട്. പരിശീലകന് പ്രീതം, ട്യൂണര്‍ അഭി, മെക്കാനിക്ക് അയ്യപ്പ, പരിശീലകന് സുരേഷ് സിവിഎസ്, ഫെസിലിറ്റേറ്റര്‍ ആനന്ദ് കുമാര്‍ എന്നിവരുടെ പിന്തുണയാണ് ഷോണാലിന്റെ വിജയങ്ങളുടെ പിന്നില്‍.
വെള്ളിമാടുകുന്ന് താമസിക്കുന്ന മുത്തച്ഛന് ജയചന്ദ്രന് കുനിമേലും മുത്തശി ശോഭലതയും പൂര്‍ണ പിന്തുണയോടെ ഷോണാലിനു കൂടെയുണ്ട്. ഷോലീന് കുനിലോണ് സഹോദരിയാണ്. മസ്ക്കറ്റ് അല്‍ ഖുബ്റയില്‍ ഇന്ത്യന്‍ സ്കൂളില്‍ ഒമ്പാതം ക്ലാസ് വിദ്യാര്‍ഥിയാണ് ഷോണാല്‍.