‘മണല്‍ത്താഴം റോഡില്‍ ഗുരുതര മനുഷ്യാവകാശ ലംഘനം’
1581483
Tuesday, August 5, 2025 7:40 AM IST
കോഴിക്കോട്: കുതിരവട്ടം മണല്‍ത്താഴം റോഡുപണി മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗുരുതര മനുഷ്യാവകാശ ലംഘനമായതിനാല്‍ നിര്‍മാണ ജോലികള്‍ അടിയന്തരമായി പുനരാരംഭിച്ച് നിര്‍ദിഷ്ട സമയപരിധി നിശ്ചയിച്ച് പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്.
സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചക്കകം നഗരസഭാ സെക്രട്ടറി സമര്‍പ്പിക്കണമെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. 26ന് കോഴിക്കോട് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ദൃശ്യമാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
വെള്ളക്കെട്ട് പരിഹരിക്കാന്‍ വേണ്ടിയെന്ന പേരിലാണ് നിര്‍മാണജോലികള്‍ ആരംഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. വയോധികരും കിടപ്പുരോഗികളുമടക്കം 150 പേരുടെ സഞ്ചാരസ്വാതന്ത്ര്യമാണ് ഇതോടെ നഷ്ടമായത്. മിംസ് ആശുപത്രിക്കും ലുലു മാളിനുമിടയിലുള്ള റോഡിലാണ് നിര്‍മാണം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച നിര്‍മാണത്തില്‍ ഇതുവരെ നിര്‍മിച്ചത് ഓവുചാല്‍ മാത്രമാണ്. 450 മീറ്ററോളം പൊളിച്ചിട്ട റോഡില്‍ ഉയരത്തിലാണ് ഓവുചാല്‍ നിര്‍മിച്ചത്. ഇതുകാരണം വാഹനങ്ങള്‍ വീടുകളില്‍ കയറ്റാനാവുന്നില്ല. അസുഖബാധിതരെ എടുത്തുകൊണ്ടാണ് ആശുപത്രിയില്‍ പോകുന്നത്.