ചക്കിട്ടപാറയിലെ മലയോര ഹൈവേ നിര്‍മ്മാണം: താലൂക്ക് വികസന സമിതി യോഗത്തില്‍ പ്രതിഷേധം
1581492
Tuesday, August 5, 2025 7:40 AM IST
പേരാമ്പ്ര: അഞ്ച് അളവുകള്‍ നടത്തിയിട്ടും ചക്കിട്ടപാറ ടൗണില്‍ റോഡിന്റെ യഥാര്‍ത്ഥ വീതി നിര്‍ണയിക്കാന്‍ കഴിയാതെ പ്രവൃത്തി നിലച്ചതിനു കാരണം അധികൃതരുടെ കെടുകാര്യസ്ഥതയാണെന്ന് ആക്ഷേപം. കൊയിലാണ്ടി താലൂക്ക് വികസനസമിതി യോഗത്തില്‍ സമിതി അംഗം രാജന് വര്‍ക്കിയാണ് ഈ ആക്ഷേപം ചൂണ്ടിക്കാട്ടിയത്.
ആറാമത്തെ അളവ് ഇന്നു നടക്കുമെന്നാണ് സൂചന. 12 മീറ്റര്‍ വീതിയിലാണ് ഹൈവേ കാസര്‍കോട് നിന്നു തിരുവനന്തപുരം വരെ വിഭാവനം ചെയ്തിരിക്കുന്നത്.
പല ജില്ലകളിലും പണി പൂര്‍ത്തിയായി. മറ്റു ഭാഗങ്ങളില്‍ പ്രവര്‍ത്തി നടന്നു കൊണ്ടിരിക്കുന്നു. ഇതില്‍ പെരുവണ്ണാമൂഴി - ചെമ്പ്ര റീച്ചില്‍ പെട്ട ചക്കിട്ടപാറ ടൗണില്‍ മാത്രമാണ് പാതയുടെ വീതി നിര്‍ണയിക്കാന്‍ കഴിയാത്തത്. അംഗീകൃത സര്‍വേയര്‍മാരുടെ ഓരോ അളവിലും വ്യത്യസ്ത വീതിയാണ് കാണുന്നത്. ഇത് കെട്ടിട ഉടമകളിലും കച്ചവടക്കാരിലും തുടര്‍ച്ചയായ തര്‍ക്കത്തിനു കാരണമാവുകയാണ്.
ചക്കിട്ടപാറ ടൗണില്‍ റോഡിന്റെ വീതി നിര്‍ണയ സ്കെച്ച് ഇല്ലെന്നാണ് അധികൃതരുടെ ഭാഷ്യം. മറ്റു സ്ഥലങ്ങളില്‍ സ്കെച്ച് ഉണ്ട്. മുന്‍പ് പലരും റോഡ് കൈയേറിയാണ് ബഹുനില കെട്ടിടങ്ങളും മതിലുകളും നിര്‍മ്മിച്ചതെന്ന് ആരോപണമുണ്ട്. യഥാര്‍ത്ഥ അളവു വന്നാല്‍ ഇതില്‍ പലതും പൊളിക്കേണ്ടി വരും. ഇത്തരക്കാരെ രക്ഷിക്കാനാണ് ടൗണിന്റെ യഥാര്‍ത്ഥ വീതി അളവ് സ്കെച്ച് മറച്ചുവെച്ച് അളവ് പ്രഹസനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് രാജന് വര്‍ക്കി ആരോപിച്ചു.