സ്വകാര്യ ബസിടിച്ച് യുവാവിന് ഗുരുതര പരിക്ക്
1581496
Tuesday, August 5, 2025 7:41 AM IST
വടകര: ദേശീയപാതയില്‍ അമിതവേഗതയിലെത്തിയ ബസിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിമ്പനപ്പാലം സ്വദേശി ആകാശ് (32)നാണ് പരിക്കേറ്റത്. ഇദേഹത്തെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ജോലി ചെയ്യുന്ന ആകാശ് രാവിലെ ഡ്യൂട്ടിക്ക് പോവുമ്പോഴാണ് ചോറോട് പുഞ്ചിരിമില്ലിനു സമീപം അപകടത്തില്‍പെട്ടത്.
ബസ് ഇടിച്ച് തെറിച്ചുവീണ ആകാശ് ടിപ്പര്‍ ലോറിക്കു മുന്നില്‍ പെട്ടെങ്കിലും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. കൈക്കും കാലിനും ചതവേറ്റ ആകാശിനെ ടിപ്പര്‍ ലോറി ഡ്രൈവറാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് സഹകരണാശുപത്രിയിലേക്ക് മാറ്റി.
കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ടാലന്റ് ബസാണ് ഇടിച്ചത്. ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകനാണ് ആകാശ്. സംഭവം അറിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ പിന്നീട് പുതിയ സ്റ്റാന്റില്‍ വച്ച് ബസില്‍ കൊടി നാട്ടി പ്രതിഷേധിച്ചു. ആകാശ് ഉള്പെടെയുള്ളവര് മിന്നല്‍ പണിമുടക്കിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ബസുകാര് രോഷം തീര്‍ക്കുകയാണെന്നു സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. പ്രതിഷേധ സ്ഥലത്ത് പോലീസ് എത്തിയിരുന്നു.