ബീച്ച് ആശുപത്രിയിൽ ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ ഒരു മാസത്തിനകം
1543572
Friday, April 18, 2025 5:09 AM IST
കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ നിർമാണം പുരോഗമിക്കുന്ന ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ ഒരു മാസത്തിനകം യാഥാർഥ്യമാവും. കുഞ്ഞ് എത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അറിയിപ്പ് കൊടുക്കുന്നതിനും ഓട്ടോമാറ്റിക് സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിനുമുള്ള സെൻസറും പ്രോഗ്രാം ലോജിക്കൽ കൺട്രോളർ ചിപ്പുമാണ് ഇനി ഘടിപ്പിക്കാനുള്ളത്.
സോഫ്റ്റ്വെയർ അപ്ഡേഷനും പൂർത്തീകരിക്കാനുണ്ട്. വിദേശത്തുനിന്ന് വാങ്ങുന്ന സെൻസർ രണ്ടു ദിവസത്തിനകം എത്തുമെന്നും 10 ദിവസത്തിനകം നിർമാണം പൂർത്തീകരിച്ച് ശിശുക്ഷേമ വകുപ്പിന് കൈമാറുമെന്നും കരാറുകാരായ എഫ്ഐ.ടി അധികൃതർ അറിയിച്ചു. ഇലക്ട്രോണിക് തൊട്ടിൽ, എസി അടക്കമുള്ളവ സജ്ജീകരിച്ചുകഴിഞ്ഞു.
നാലുവർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് പദ്ധതി യാഥാർഥ്യമാവുന്നത്. മുൻ എംഎൽഎ പ്രദീപ്കുമാറിന്റെയും നിലവിലെ എംഎൽഎ തോട്ടത്തിൽ രവീന്ദ്രന്റെയും ഫണ്ടിൽനിന്ന് അനുവദിച്ച 33 ലക്ഷം രൂപ ചെലവഴിച്ചാണ് ഇലക്ട്രോണിക് തൊട്ടിൽ സജ്ജീകരിച്ചത്.
ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾ പലവിധ കാരണങ്ങളാൽ തെരുവിലും പാതയോരങ്ങളിലും വലിച്ചെറിയപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബീച്ചാശുപത്രിയുടെ തെക്ക് ഭാഗത്തെ റോഡിൽനിന്ന് പ്രവേശിക്കാവുന്ന വിധത്തിലാണ് അമ്മത്തൊട്ടിൽ നിർമിച്ചത്.