കമ്മീഷണറുടെ വാദവും കണക്കും തള്ളി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്
1478661
Wednesday, November 13, 2024 4:52 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: ഗതാഗത കമ്മീഷണറേറ്റില്‍ നിയമവിഭാഗം ഇല്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിനു കനത്ത വരുമാന നഷ്ടമുണ്ടാകുന്നുവെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ വാദം തള്ളി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. നിയമവിഭാഗം നിലവില്‍ രൂപവത്ക്കരിക്കേണ്ട ആവശ്യമില്ലെന്നും കേസുകള്‍ കെട്ടിക്കിടക്കുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് കണ്ടെത്തിയത്.
സംസ്ഥാന സര്‍ക്കാരിനു വരുമാനം നേടിക്കൊടുക്കുന്നതില്‍ മൂന്നാംസ്ഥാനത്തുള്ള മോട്ടോര്‍ വാഹന വകുപ്പില്‍ നിലവില്‍ ഒരു ലോ ഓഫീസര്‍ മാത്രമാണുള്ളതെന്നും നിയമവകുപ്പില്‍ നിന്നും ഒരു സെക്ഷന്‍ ഓഫീസര്‍, രണ്ടു ലീഗല്‍ അസിസ്റ്റന്റുമാര്‍ എന്നിവരെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റില്‍ നിയമിച്ച് നിയമവിഭാഗം രൂപീകരിച്ചാല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാകുമെന്നും ചൂണ്ടിക്കാണിച്ചാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്.
മോട്ടോര്‍ വാഹന വകുപ്പില്‍ 2023 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെ 317 റിട്ട് പെറ്റീഷനുകള്‍ സര്‍ക്കാര്‍/ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രധാന എതിര്‍കക്ഷിയായി കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ ഇനിയും തീര്‍പ്പാക്കാനുള്ള 150 എണ്ണവും മുന്‍ വര്‍ഷങ്ങളിലെ പെന്ഡിംഗും ഉള്‍പ്പെടെ ആകെ 501 കേസുകള്‍ 2024 ഏപ്രില്‍ 18 വരെ കോടതിയില്‍ കെട്ടിക്കിടക്കുന്നുവെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ വിശദപരിശോധനയില്‍ ഈ വര്‍ഷം ഓഗസ്റ്റു വരെ ആകെ 212 കേസ് ഫയലുകളാണ് കമ്മീഷണറേറ്റില്നിന്നും സത്യവാംഗ്മൂലം തയ്യാറാക്കി ഫയല്‍
ചെയ്യേണ്ടതായി വന്നിട്ടുള്ളുവെന്നും ബാക്കിയുള്ള കേസുകളില്‍ ബന്ധപ്പെട്ട സബ്ബ് ഓഫീസുകളിലാണ് ഫയലുകള്‍ കൈകാര്യം ചെയ്തുവരുന്നതെന്നും കണ്ടെത്തി.
ഇത്തരം ഫയലുകളില്‍ ആവശ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കുക മാത്രമാണ് കമ്മീഷണറേറ്റില്നിന്നും ചെയ്തുവരുന്നത്. കമ്മീഷണറേറ്റില്‍ വിവിധ സെക്ഷനുകളിലായി കൈകാര്യം ചെയ്തുവരുന്ന 212 കേസ് ഫയലുകളില്‍ 75 എണ്ണത്തില്‍ നടപടികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ള 137 കേസ് ഫയലുകളില്‍ 113 എണ്ണത്തിലും സത്യവാംഗ്മൂലം നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്ന 24 എണ്ണത്തില്‍ മാത്രമാണ് വകുപ്പില്‍നിന്നും ഇനി സത്യവാംഗ്മൂലം നല്‍കാനുള്ളത്. ഇതില്‍ അഞ്ച് എണ്ണം ജീവനക്കാര്‍ക്കെതിരായി വകുപ്പുതല അച്ചടക്കനടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഫയല്‍ ചെയ്യപ്പെട്ട കേസുകളാണ്.
ഈ അഞ്ച് കേസ് ഫയലുകളില്‍ രണ്ടെണ്ണം 2023 വര്‍ഷവും മൂന്ന് എണ്ണം ഈ വര്‍ഷവും രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. ഇത് കെട്ടിക്കിടക്കുന്ന ഫയലുകളായി പരിഗണിക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പ് പ്രധാന എതിര്കക്ഷിയായിട്ടുള്ളതടക്കം നിരവധി കേസുകള്‍ വിവിധ നീതി ന്യായ സംവിധാനങ്ങളിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോടതികളില്‍ സത്യവാംഗ്മൂലം ഫയല്‍ ചെയ്യാനും മറ്റു തുടര്‍ നടപടികള്‍ സ്വീകരിക്കാനും നിയമവകുപ്പില്നിന്നും അദര്‍ ഡ്യൂട്ടി വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഒരു ലോ ഓഫീസര്‍ മാത്രമാണ് ഗതാഗത കമ്മീഷണറേറ്റിലുള്ളത്.
മോട്ടോര്‍ വാഹനവകുപ്പ് നികുതികളിലും ഫീസുകളിലും വര്‍ധനവ് വരുത്തുമ്പോള്‍ അതിനെതിരായി നിരവധി കേസുകള്‍ ജുഡീഷല്‍, അര്‍ധ ജുഡീഷല്‍ സ്ഥാപനങ്ങളില്‍ ഫയല്‍ ചെയ്യപ്പെടുന്നുണ്ട്. പല അവസരങ്ങളിലും നിരക്ക് വര്‍ധന കോടതികള്‍ സ്റ്റേ ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനു വന്‍ വരുമാന നഷ്ടമുണ്ടാകുന്നുവെന്നും ഇത്തരം സാഹചര്യങ്ങളില്‍ ഒരാളെക്കൊണ്ട് യഥാസമയം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നുമാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.