കാടിറങ്ങി കാട്ടാനകൾ : പൂവത്താംകണ്ടി മലയിലും പുന്നക്കൽ-ചെളിപ്പൊയിൽ പ്രദേശങ്ങളിലും വ്യാപക കൃഷിനാശം
1459477
Monday, October 7, 2024 5:45 AM IST
നാദാപുരം: വാണിമേൽ പഞ്ചായത്തിലെ പൂവത്താംകണ്ടിമലയിൽ തമ്പടിച്ച ആനക്കൂട്ടത്തെ വനം വകുപ്പ് അധികൃതർ കണ്ണവം വനമേഖലയിലേക്ക് തുരത്തി ഓടിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം കുട്ടി ആനകൾ ഉൾപ്പെടെ 13 ഓളം ആനകൾ പൂവത്താം കണ്ടി മലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. റബർ വെട്ടാൻ എത്തിയ തൊഴിലാളികളാണ് ആനക്കൂട്ടത്തെ കാണുന്നത്. വിവിധ കർഷകരുടെ കൃഷിയിടങ്ങളിൽ തമ്പടിച്ച ആനകൾ തെങ്ങ്, കമുക്, വാഴ തുടങ്ങിയവ കൂട്ടത്തോടെ നശിപ്പിച്ചു. ജില്ലാ അതിർത്തിയിൽ വനമേഖലയോട് ചേർന്ന് സ്ഥാപിച്ച ഫെൻസിംഗ് ലൈനുകൾ തകരാറിലായതോടെ ഇത് വഴിയാണ് ആനകൾ കൃഷിയിടത്തിൽ ഇറങ്ങിയത്.
വിവരമറിഞ്ഞ് വിലങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകർ പടക്കം പൊട്ടിച്ചും, തീ കൂട്ടിയിട്ട് കത്തിച്ചും ആനകളെ കണ്ണൂർ കണ്ണവം വനത്തിനുള്ളിലേക്ക് ഓടിച്ച് വിടുകയായിരുന്നു.
തിരുവമ്പാടി: പുന്നക്കൽ-ചെളിപ്പൊയിൽ പ്രദേശങ്ങളിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി കൊല്ലംപറമ്പിൽ ഷാജിയുടെ കൃഷിയിടത്തിലാണ് കാട്ടാന വ്യാപകമായി നാശം വിതച്ചത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങി നാശം വിതച്ചത്.
കാട്ടാന ഭീഷണി മൂലം റബർ ടാപ്പിംഗ് അടക്കമുള്ള കാർഷിക ജോലികൾ നിർത്തിയിരിക്കുകയാണ്. ഇതുമൂലം കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വനത്തിൽ നിന്ന് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് വരാതെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വനംവകുപ്പ് തയാറാകണമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ വനംവകുപ്പിന്റെ കർഷക ദ്രോഹ നടപടിക്കെതിരേ കർഷകരെ അണിനിരത്തി പ്രത്യക്ഷസമരം സംഘടിപ്പിക്കുമെന്ന് കർഷക കോൺഗ്രസ് സംസ്ഥന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി എന്നിവർ അറിയിച്ചു.