കുറ്റ്യാടിയിൽ 48 കോടിയുടെ പത്ത് പദ്ധതികൾ പൂർത്തിയായി: മുഹമ്മദ് റിയാസ്
1458128
Tuesday, October 1, 2024 8:20 AM IST
കുറ്റ്യാടി: കുറ്റ്യാടി മണ്ഡലത്തിൽ റോഡുമായി ബന്ധപ്പെട്ട് നിരത്ത് വിഭാഗത്തിൽ 48 കോടി 24 ലക്ഷം രൂപയുടെ പത്ത് പദ്ധതികൾ പൂർത്തികരിച്ചതായും 825 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച നാലു പദ്ധതികൾ നിർമാണ ഘട്ടത്തിലാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
കുറ്റ്യാടി ബൈപാസിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുറ്റ്യാടി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ജംഗ്ഷൻ ഇംപ്രൂവ്മെന്റ് പദ്ധതിക്ക് ഏഴര ലക്ഷത്തിന്റെയും കുറ്റ്യാടി ജാനകിക്കാട്, പെരുവണ്ണാമൂഴി, കക്കയം, വയലട ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുന്ന മരുതോങ്കര മുള്ളൻകുന്ന് ജാനകിക്കാട് നവീകരണത്തിന് ഉതകുന അഞ്ച് ഗ്രാമീണ റോഡുകൾക്കായി രണ്ടരക്കോടിയുടെ ഭരണാനുമതിയും ലഭിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.
കെ.പി. കുഞ്ഞമ്മത് കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, പി. സുരേന്ദ്രൻ, സി.എം. യശോദ, ടി.കെ. മോഹൻദാസ്, കെ.കെ. സുരേഷ്, കെ.കെ. മോഹൻദാസ്, ഒ.പി. മഹേഷ്, ടി.കെ. രാഘവൻ എന്നിവർ പ്രസംഗിച്ചു.