ഓണക്കാലത്തെ വിനോദസഞ്ചാരം: ഹൗസ് ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കി
1453854
Tuesday, September 17, 2024 6:15 AM IST
കോഴിക്കോട്: ഓണാവധിക്കാലത്ത് വിനോദ കേന്ദ്രങ്ങളിലെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് സംസ്ഥാന മാരിടൈം ബോര്‍ഡ് ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കി.
ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളില്‍ കുട്ടികളുള്‍പ്പെടെ വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുമെന്നതിനാലാണ് നിയമപരമായി പാലിക്കേണ്ട നിബന്ധന കൂടുതല്‍ കടുപ്പിച്ചത്. ഇതിന്റെ ഭാഗമായി ബേപ്പൂര്‍, പൊന്നാനി, താനൂര്‍ എന്നീ കേന്ദ്രങ്ങളില്‍ തുറമുഖ വകുപ്പധികൃതര്‍ ടൂറിസ്റ്റ് ബോട്ടുകളില്‍ പരിശോധന നടത്തി.
നേരത്തെ 23 ടൂറിസ്റ്റ് ബോട്ടുകള്‍ സര്‍വീസ് നടത്തിയിരുന്ന പൊന്നാനി നിളയോര വിനോദ കേന്ദ്രത്തിലെ ഒമ്പത് ബോട്ടുകള്‍ക്കാണ് അനുമതി ലഭിച്ചത്. കഴിഞ്ഞവര്‍ഷം ദുരന്തമുണ്ടായ താനൂരില്‍ രണ്ട് സ്പീഡ് ബോട്ടുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ബോട്ടുകളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
അനുവദനീയമായ എണ്ണം യാത്രക്കാര്‍ മാത്രമേ കയറുന്നുള്ളൂവെന്നും ഉറപ്പാക്കണം. രജിസ്ട്രേഷന്, സര്‍വേ രേഖകള്‍ ഇല്ലാതെ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അംഗീകൃത ലൈസന്‍സ് ഇല്ലാതെ ബോട്ടുകള്‍ ഓടിച്ചാല്‍ ഡ്രൈവര്‍ക്കും ബോട്ട് ഉടമയ്ക്കും എതിരെ കര്‍ശന നടപടിയുണ്ടാകും. ബോട്ടുകള്‍ അംഗീകൃതമാണോയെന്ന് ഇതില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റ് നോക്കി ഉറപ്പുവരുത്തിയ ശേഷമേ യാത്രക്കാര്‍ ഇതില്‍ സഞ്ചരിക്കാവൂ എന്നും അധികൃതര്‍ ആവശ്യപ്പെട്ടു.