വീടും ഭൂമിയും ഉരുൾ കൊണ്ടുപോയി; പ്രതിസന്ധിയിലും കൊടുത്ത വാക്ക് പാലിച്ച് ഡാരിൽ
1453234
Saturday, September 14, 2024 4:23 AM IST
ഉഷയ്ക്ക് ഇന്ന് പുതിയ വീട്ടിൽ ഗൃഹപ്രവേശം
ടി.ഇ. രാധാകൃഷ്ണൻ
നാദാപുരം: ഉരുൾ തീർത്ത ശൂന്യതക്കിടയിലും ഡാരിൽ ഡൊമനിക്കും, കുടുംബവും മറന്നില്ല ഉഷയ്ക്ക് നൽകിയ വാക്ക്. വിലങ്ങാട് മഞ്ഞച്ചീളിയിയിൽ സർവ സംഹാരമായി താണ്ഡവമാടിയ ഉരുൾപൊട്ടലിൽ വീടും, ജീവിത സമ്പാധ്യങ്ങളും, സർവവും നഷ്ടപെട്ട കൊടിമരത്തും മുട്ടിൽ ഡാരിലാണ് തലചായ്ക്കാനിടമില്ലാതെ ശൂന്യതയിൽ വാടക വീട്ടിൽ കഴിയുകയായിരുന്ന ഉഷയ്ക്കും രണ്ട് മക്കൾക്കും വീട് നിർമിച്ച് നൽകി മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായത്.
ഉരുൾ ഭീകരതയ്ക്ക് മുമ്പായിരുന്നു ഡാരിലും, കുടുംബവും വീട് നിർമിച്ച് തരാമെന്ന് ഉഷയ്ക്ക് വാക്ക് കൊടുത്തത്. കോവിഡിന് ശേഷം ഡാരിലിന്റെ മാതാപിതാക്കൾക്കും കുഞ്ഞ് മക്കൾക്കും തണലായി നിന്നത് ഉഷയായിരുന്നു. ഭർത്താവ് മണിമലപറമ്പിൽ ഷിബു മരിച്ചതോടെ ഉഷ വാടക വീട്ടിൽ ഇവർ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു.
ഇതിനിടെ വീട് നിർമാണത്തിന് സ്ഥലം വാങ്ങിയെങ്കിലും പണം ഇല്ലാതായതോടെ ഭൂമിയുടെ രജിസ്ട്രഷൻ നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് മനസിലാക്കിയ ഡാരിലും, നാട്ടുകാരും ചേർന്ന് രജിസ്ട്രേഷൻ പൂർത്തിയാക്കിയെങ്കിലും വീട് നിർമാണം പൂർത്തികരിക്കാൻ കഴിഞ്ഞില്ല. ലൈഫ് പദ്ധതിക്ക് അപേക്ഷ നൽകിയതോടെ രണ്ട് ലക്ഷം രൂപ അനുവദിക്കുകയുണ്ടായി.
ഈ തുക കൊണ്ട് വീടിന്റെ അടിത്തറയും, ഭിത്തിയും, മേൽക്കൂരയുടെ കോൺക്രീറ്റും കഴിഞ്ഞെങ്കിലും വീട് നിർമാണം പിന്നെയും ബാക്കിയായി. ഇതിനിടയിലാണ് കാര്യങ്ങൾ എല്ലാം തലകീഴായി മറിഞ്ഞത്. ഉരുൾ തീർത്ത ഭീകരതയിൽ ഡാരിലും നിസഹായവസ്ഥയിലായി. പക്ഷേ സ്വന്തം വീടിനേക്കാൾ വലുത് നൽകിയ വാക്കിനാണെന്ന് ഉറപ്പിച്ച് ഉഷയ്ക്കും, മക്കൾക്കും നൽകിയ വാക്ക് പാലിക്കാൻ തീരുമാനിക്കുകയായിരുന്നു ഡാരിലും കുടുംബവും.
ഉരുൾ പൊട്ടൽ കഴിഞ്ഞ് ഒന്നര മാസം കഴിയുമ്പോഴേക്കും ബാക്കി പണികൾ മുഴുവൻ തീർത്ത് നൽകുകയായിരുന്നു. പ്രതിസന്ധിക്കിടയിൽ നിർമിച്ച വീടിന്റെ ഗൃഹപ്രവേശം ഇന്ന് നടക്കും. വീടിന്റെ ശുചി മുറിക്കാവശ്യമായ വസ്തുക്കൾ കല്ലാച്ചിയിലെ മോഹൻലാൽ അസോസിയേഷനാണ് നൽകിയത്. ഡാരിയൽ മുൻ കൈയ്യെടുത്ത് വീട് പൂർത്തിയാക്കിയ സന്തോഷത്തിലാണ് ഉഷ.