മൃതദേഹങ്ങൾക്കായി അഗ്നിരക്ഷാ സേനയും പോലീസും തെരച്ചില്‍ ഊര്‍ജിതമാക്കി
1441858
Sunday, August 4, 2024 5:24 AM IST
കോഴിക്കോട്: ചാലിയാറിൽ മൃതദേഹങ്ങൾക്കായി അഗ്നിരക്ഷാ സേനയും പോലീസും തെരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ രണ്ടുദിവസവും പരിശോധന തുടരുകയാണ്. മഴയ്ക്ക് അല്പം ശമനം വന്നവന്നതോടെ തെരച്ചില്‍ കൂടുതല്‍ സമയം തുടരാനായി. കഴിഞ്ഞ ദിവസം ചാലിയറിലെ മണന്തലക്കടവിൽ നിന്നും പത്ത് വയസുകാരിയുടെ മൃതദേഹവും പന്തീരാങ്കാവ്, പൂക്കോട്ടുമണ്ണ എന്നിവിടങ്ങളിൽ ചില മൃതദേഹങ്ങളുടെ ശേഷിപ്പുകളും കണ്ടെത്തിയിരുന്നു.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ചാലിയാറിന്റെ തീരത്തെ പോലീസ് സ്റ്റേഷനുകളിലെ ഓഫിസർമാരുടെ മേൽനോട്ടത്തിൽ അഗ്നിരക്ഷാ സേന, മുങ്ങൽ വിദഗ്ധർ, താലൂക്ക് ദുരന്ത നിവാരണ സേന അംഗങ്ങൾ എന്നിവർ യോജിച്ചാണ് തെരച്ചില്‍ നടത്തുന്നത്.
ഒരേ സമയം മലപ്പുറം ജില്ലയിൽ ഉൾപ്പെട്ട ചാലിയാറിന്റെ ഭാഗങ്ങളിലും കോഴിക്കോട് ജില്ലയിലെ ചാലിയാറിന്റെ കരകളിലും നിലമ്പൂർ, എടവണ്ണ, അരീക്കോട്, മുക്കം, മാവൂർ, വാഴക്കോട്, പന്തീരാങ്കാവ്, ബേപ്പൂർ എന്നീ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണു പരിശോധന നടത്തുന്നത്.
പോലീസ് ബോട്ടുകളും പ്രാദേശിക ബോട്ടുകളും തോണിയും ഡ്രോണുകളും ദൗത്യത്തിനു ഉപയോഗിക്കുന്നുണ്ട്. ചാലിയാറിൽ ജലനിരപ്പ് കൂടിയിട്ടുണ്ട്. ഇന്നും പരിശോധന തുടരും.