കണ്ണങ്കോട് മലയിലെ ഖനനം: പ്രവർത്തനാനുമതി പുനഃപരിശോധിക്കണമെന്ന്
1441592
Saturday, August 3, 2024 4:47 AM IST
താമരശേരി: ഓമശേരി പഞ്ചായത്തിലെ കണ്ണങ്കോട് മലയിൽ കരിങ്കൽ,ചെങ്കൽ ക്വാറികൾക്ക് നൽകിയ പ്രവർത്തനാനുമതി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടേയും റവന്യു, പോലീസ് ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
കരിങ്കൽ, ചെങ്കൽ ക്വാറികളുടെ ഖനനം കാരണം ദുരന്ത സാധ്യത വളരെ കൂടുതലാണെന്നും വയനാട് ദുരന്തത്തിനു ശേഷം പരിസര പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ ആശങ്കയിലാണ് കഴിയുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ്
കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി, സൈനുദ്ദീൻ കൊളത്തക്കര,എം.ഷീജ ബാബു, പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാൻ,
വില്ലേജ് ഓഫീസർമാരായ കെ.രജു (കൂടത്തായി), ടി.പി.സുധീർ(പുത്തൂർ), എസ്ഐ ബേബി മാത്യു, എഎസ്ഐ ഒ. സ്വപ്നേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംഘം കണ്ണങ്കോട് മല സന്ദർശിച്ചു.