24 പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഒരുക്കി കോര്പറേഷന്
1438476
Tuesday, July 23, 2024 7:40 AM IST
കോഴിക്കോട്: മാലിന്യ സംസ്കരണ രംഗത്തേക്ക് 24 പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഒരുക്കി കോഴിക്കോട് കോര്പറേഷന്. വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മേയര്‍ ഡോ.ബീനാ ഫിലിപ് നിര്‍വഹിച്ചു. കോര്‍പറേഷനിലെ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കണ്ടെയ്നര്‍ എത്തിച്ചതിന് പുറമെയാണ് എല്‍പിജി വാഹനങ്ങളും തയാറായിരിക്കുന്നത്. കണ്ടെയ്നറുകളില്‍ ശേഖരിക്കുന്ന മാലിന്യം സംഭരണകേന്ദ്രത്തിലെത്തിക്കാനാണ് എല്‍പിജി വാഹനങ്ങള്‍ ഉപയോഗിക്കുക. ഇതിനൊപ്പം തന്നെ ഏറെക്കാലം ഓടാതെയിട്ട ഇ- ഓട്ടോകളും ഓടിത്തുടങ്ങി.
കോര്പറേഷന് പരിധിയില്‍ നിന്ന് ഇതുവരെ പത്ത് ഘട്ടങ്ങളിലായി 7,22,544 ചാക്ക് അജൈവമാലിന്യങ്ങളാണ് ശേഖരിച്ചത്. ഇതില്‍ 12.11 കോടി രൂപ യൂസര്‍ഫീയായി ലഭിച്ചതായി ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ പറഞ്ഞു. വീടുകളില്‍ നിന്നും ഹരിതകര്മസേനക്കാര് ശേഖരിക്കുന്ന അജൈവമാലിന്യങ്ങളുടെ വിശദാംശങ്ങള്‍ ഹരിതമിത്രം ആപ്പ് വഴിയാക്കിയതായും അവര്‍ പറഞ്ഞു.
വീടുകളില്‍ പതിച്ച ക്യു ആര്‍കോഡ് സ്കാന്‍ചെയ്താണ് പ്രവര്‍ത്തനം. എത്ര മാലിന്യം ശേഖരിക്കുന്നുണ്ട്, അജൈവമാലിന്യമെടുക്കാന് പോയപ്പോള്‍ ആളുണ്ടായോ തുടങ്ങിയ വിവരങ്ങളെല്ലാം ആപ്പ് വഴി ലഭിക്കും.
ആളുണ്ടായില്ലെങ്കില് വീട്ടുകാര്‍ക്ക് അക്കാര്യം മെസേജായി പോകും. മാലിന്യശേഖരണത്തിന്റെ എല്ലാ വിശദാംശങ്ങളും ലഭിക്കുന്നതിനാല്‍ കൃത്യത ഉറപ്പാക്കാനാകുമെന്നും ജയശ്രീ പറഞ്ഞു. നഗരത്തിലെ മാലിന്യം കൊണ്ടുപോകുന്നതിന് നിലവില്‍ മൂന്ന് ഏജന്‍സികളാണുള്ളത്. അതിന് പകരം 10 വാര്‍ഡിന് ഒരു ഏജന്‍സി എന്ന രീതിയില്‍ വയ്ക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ഇതോടെ നഗരത്തില്‍ കൂട്ടിയിടുന്ന മാലിന്യത്തിന് പരിഹാരമാകും.
15 കണ്ടെയ്നറുകള്‍ വച്ചു വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ശേഖരിക്കുന്ന അജൈവമാലിന്യം സംഭരിക്കുന്നതിന് പ്രതിസന്ധി നേരിട്ടിരുന്നു. സ്ഥലപരിമിതി കാരണം പലയിടത്തും റോഡരികില്‍ തന്നെ കൂട്ടിയിടുകയാണ്. 10 കണ്ടെയ്നറുകൾ കൂടി ഇനി സ്ഥാപിക്കും. ഒരെണ്ണത്തില്‍ 500 ചാക്കോളം വയ്ക്കാനാകും. മാലിന്യം ശേഖരിച്ച് തരംതിരിക്കാനുള്ള എംസിഎഫുകള്‍ നിലവില്‍ ഞെളിയന്‍പറമ്പിലും നെല്ലിക്കോടും മാത്രമാണുള്ളത്.
എത്തുന്ന മാലിന്യം തരംതിരിച്ച് ഇവിടെ നിന്ന് നീക്കുമ്പോഴേക്ക് മാത്രമേ ശേഖരിക്കുന്ന അജൈവവസ്തുകള് അവിടേക്ക് എത്തിക്കാനാകൂ. അതിനാല്‍ കൂടുതല്‍ എംസിഎഫുകള്‍ വാടകയ്ക്കെടുക്കുന്ന കാര്യവും കോര്പറേഷന് പരിഗണിക്കുന്നുണ്ട്. നഗരത്തില്‍ റോഡ് അടിച്ചുവാരുമ്പോള്‍ കിട്ടുന്ന മാലിന്യം ശുചീകരണത്തൊഴിലാളികള്‍ കൈവണ്ടിയില്‍ കൊണ്ടുപോവുകയാണ് ചെയ്യുന്നത്. അതിനുപകരം ഇ-കാര്‍ട്ടുകള്‍ വഴി കൊണ്ടുപോകാം. ഇത്തരത്തിലുള്ള 60 വണ്ടികളും നഗരത്തിലെത്തി. രജിസ്ട്രേഷന് നടപടി പൂര്‍ത്തിയായാല്‍ റോഡിലിറങ്ങും. ഇതിനു പുറമെ ഹരിതകര്‍മസേനാംഗങ്ങളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. നേരത്തെയുണ്ടായ 578 പേര്‍ക്ക് പുറമെ 113 പേരെ കൂടി എടുത്തിട്ടുണ്ട്.