മഴ ശക്തം, പുഴകളില്‍ വെള്ളം ഉയര്‍ന്നു; മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു
1437504
Saturday, July 20, 2024 4:56 AM IST
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പുഴകളിലും തോടുകളിലും ജലവിതാനം ഉയര്‍ന്നു. കക്കയം ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മഴയെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയും മരങ്ങള്‍ കടപുഴകി വീണും വ്യാപക നാശനഷ്ടമുണ്ടായി. ജില്ലയില്‍ പുതിയ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നിട്ടുണ്ട്.
പൂനൂര് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കണ്ണാടിക്കല്‍ ഭാഗം വെള്ളത്തിലായി. കക്കോടി- കണ്ണാടിക്കല്‍ റോഡില്‍ വെള്ളം വന്‍തോതില്‍ ഉയര്‍ന്നു. കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ലോറിക്കൊപ്പം കാണാതായ അര്‍ജുന്റെ കണ്ണാടിക്കലെ വീട്ടിലേക്കുള്ള റോഡ് പൂര്‍ണമായും വെള്ളത്തിലായിരുന്നു.
റോഡിലെ വെള്ളത്തിലൂടെ നടന്നാണ് ജില്ലാ കളക്ടറും എംഎല്‍എമാരുമടക്കമുള്ളവര്‍ അര്‍ജുന്റെ വീട്ടിലെത്തിയത്. പൂനൂര് പുഴയില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് കുന്നമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പെടുന്ന വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. 150- ഓളം കുടുംബങ്ങളാണ് ദുരിതത്തിലായത്.
മുക്കം അഗസ്റ്റ്യന്മുഴിയില് കനത്ത മഴയില്‍ റോഡ് വിണ്ടുകീറി. നവീകരണം നടക്കുന്ന അഗസ്റ്റ്യന്‍മുഴി - കൈതപ്പൊയില്‍ റോഡിലെ അഗസ്റ്റ്യന്‍മുഴി പാലത്തിന് സമീപമാണ് റോഡ് വിണ്ടു കീറിയത്. ആദ്യഘട്ട ടാറിംഗ് പൂര്‍ത്തീകരിച്ച റോഡാണ് മുപ്പത് മീറ്ററോളം ദൂരം വിണ്ടുകീറിയത്.
ഫോട്ടോ : കോരങ്ങാട് ലക്ഷംവീട് കുമാരന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്ന നിലയിൽ.