പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്ര മേഖലയിൽ സംയുക്ത സുരക്ഷാ വിലയിരുത്തൽ പരിശോധന
1430391
Thursday, June 20, 2024 5:22 AM IST
പേരാമ്പ്ര: വിവിധ തരത്തിൽ ജല ഉപയോഗവും ടൂറിസവും സമന്വയിച്ചു പ്രവർത്തിക്കുന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിൽപെട്ട ഉദ്യോഗസ്ഥർ ഇന്നലെ സംയുക്തമായി പരിശോധന നടത്തി.
പോലീസ്, വനം, അഗ്നിരക്ഷാ സേന, വാട്ടർ അഥോറിറ്റി തുടങ്ങിയവയിലെ ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കാളികളായത്.
കാവൽ ജീവനക്കാരുടെ എണ്ണം, സിസിടിവി കാമറ സ്ഥാപിക്കുന്നതിന്റെ ആവശ്യകത, വെളിച്ച സംവിധാനത്തിന്റെ കാര്യക്ഷമത, ഉല്ലാസയാത്ര ബോട്ടുകളിൽ ഒരുക്കിയ സുരക്ഷ സംവിധാനങ്ങൾ എന്നിവ വിലയിരുത്തുകയുണ്ടായി.
പ്രദേശത്തെ ജപ്പാൻ കുടിവെള്ള പദ്ധതി, വൈദ്യുതി നിലയം എന്നിവയുടെ ഭൗതീക സുരക്ഷയും നിരീക്ഷിച്ചു. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലയാണ് പെരുവണ്ണാമൂഴി. ഇതുകൂടി പരിഗണിച്ചാണ് പരിശോധന നടത്തിയത്.