ജില്ലയില്‍ 141 ബൂത്തുകൾ പ്രശ്നബാധിതം; 120 എണ്ണം വടകരയിൽ
1416367
Sunday, April 14, 2024 5:35 AM IST
കോഴിക്കോട്: ജില്ലയിലെ മാവോയിസ്റ്റ് ഭീഷണിയുള്ളതും പ്രശ്നബാധിതമായി കണ്ടെത്തിയതുമായ പോളിംഗ് ബൂത്തുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു. നാദാപുരം, വടകര നിയമസഭാ മണ്ഡല പരിധിയില്‍പ്പെട്ട ഏതാനും പോളിംഗ് സ്റ്റേഷനുകളിലെ ബൂത്തുകളാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്.
ജില്ലയിലെ വോട്ടെടുപ്പ് സമാധാനപരവും നീതിപൂര്‍വകവുമാക്കുന്നതിന് കര്‍ശന സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു. പ്രശ്നബാധിത ബൂത്തുകളില്‍ പോലീസും കേന്ദ്രസേനയും ഉള്‍പ്പെട്ട പ്രത്യേക സംഘമായിരിക്കും സുരക്ഷ ഒരുക്കുക. പ്രദേശങ്ങളില്‍ ശക്തമായ പോലീസ് പട്രോളിംഗും ഏര്‍പ്പെടുത്തും.
ജില്ലയില്‍ ആകെ 141 ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 120 എണ്ണം വടകര ലോക്സഭ മണ്ഡലത്തിലും 21 എണ്ണം കോഴിക്കോട് മണ്ഡലത്തിലുമാണ്. ഇതിനു പുറമെ, വടകര മണ്ഡലത്തിലെ 43 ബൂത്തുകള്‍ മാവോവാദി ഭീഷണി നേരിടുന്നവയായും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ക്കൊപ്പം വടകര തഹസില്‍ദാര്‍ എം.പി. സുഭാഷ് ചന്ദ്രബോസ്, നാദാപുരം അസി. റിട്ടേണിംഗ് ഓഫീസര്‍, വടകര ഡിവൈഎസ്പി എന്നിവര്‍ ഉണ്ടായിരുന്നു.