വെട്ടിന്റെ രാഷ്ട്രീയത്തെ വോട്ടുകൊണ്ട് പ്രതിരോധിക്കണം: ഷാഫി പറമ്പില്‍
1415541
Wednesday, April 10, 2024 5:30 AM IST
കൊയിലാണ്ടി: വെട്ടിന്റെയും അരുംകൊലയുടെയും രാഷ്ട്രീയത്തെ വോട്ടുകൊണ്ട് പ്രതിരോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ശമ്പളവും പെന്‍ഷനും ഒരുപോലെ മുടക്കിയ സംസ്ഥാന സര്‍ക്കാരിനുള്ള മറുപടി കൂടി ബാലറ്റിലൂടെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊയിലാണ്ടി മണ്ഡലം പര്യടന പരിപാടികളില്‍ സംസാരിക്കുകയായിരുന്നു ഷാഫി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തിനാണ് ബോംബ്. എങ്ങനെയാണ് പോസ്റ്റര്‍ പോലെ, ബോര്‍ഡ് പോലെ, കട്ടൗട്ട് പോലെ ബോംബ് ഒരു തെരഞ്ഞെടുപ്പ് സാമഗ്രി ആകുന്നത്. ആരെ വകവരുത്താന്‍ ആയിരുന്നു ബോംബ് ഉണ്ടാക്കിയവരുടെ ഉദ്ദേശ്യമെന്ന് അദ്ദേഹം ചോദിച്ചു.
ഏതൊക്കെ അമ്മമാരുടെ കണ്ണുനീര് ഈ മണ്ണില്‍ വീഴുമായിരുന്നു. ബോംബ് സ്വയം പൊട്ടിയപ്പോഴും അത് വേറെ കുറെ അമ്മമാരുടെ കണ്ണീരായി അവശേഷിച്ചു. അതിനാല്‍ ഈ കണ്ണീര് കഥകള്‍ നമുക്ക് അവസാനിപ്പിക്കേണ്ടതുണ്ട്. അരും കൊലയുടെ രാഷ്ട്രീയം ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു.
ഈ കാലത്തും ബോംബിന്റെ രാഷ്ട്രീയം പയറ്റുന്ന സിപിഎമ്മിനുള്ള മറുപടി ബാലറ്റിലൂടെ നല്‍കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. നാട്ടില്‍ സകലതിനും വിലക്കയറ്റമാണ്. തൊട്ടാല്‍ പൊള്ളുന്ന വിലക്കയറ്റത്തിന് ഇടയിലും ക്ഷേമപെന്ഷന് പോലും കൊടുത്തു തീര്‍ക്കുന്നില്ല. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. ജനങ്ങളെ തമ്മില്‍ അടിപ്പിച്ചു രാജ്യം തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനും അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച സംസ്ഥാന സര്‍ക്കാരിനുമുള്ള മറുപടി ബാലറ്റില്‍ കൂടി നല്‍കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
രാവിലെ തിരുവങ്ങൂര്‍ കേരള ഫീഡ്സ് പരിസരത്തുനിന്നാണ് കൊയിലാണ്ടി നിയോജക മണ്ഡലം പര്യടന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ശേഷം കാപ്പാട്, തൂവക്കോട്, ചേലിയ, മേലൂര്‍, കോതമംഗലം, പെരുവട്ടൂര്‍, ഇല്ലാത്ത്താഴ വഴി മുചുകുന്ന് ഓട്ടുകമ്പനി പരിസരത്ത് എത്തി. ഇവിടെനിന്ന് കിടഞ്ഞിക്കുന്ന്, ചിങ്ങപുരം, തിക്കോടിതെരു, തച്ചന്‍കുന്ന്, അയനിക്കാട്, മൂരാട് വഴി ഇരിങ്ങലില്‍ പര്യടനം സമാപിച്ചു.