"പക്ഷിക്ക് കുടിവെള്ളം' പദ്ധതിക്ക് തുടക്കമായി
1396119
Wednesday, February 28, 2024 5:10 AM IST
കോഴിക്കോട്: ജില്ലയിലെ സ്കൂള്‍ എക്കോ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനമായ "പക്ഷിക്ക് കുടിവെള്ളം' പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ഥികള്‍ സ്കൂള്‍ വളപ്പിലും അവരവരുടെ വീടുകള്‍ക്ക് സമീപവും ഒരു പരന്ന പാത്രത്തില്‍ പക്ഷികള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കുമായി കുടിവെള്ളം ഒരുക്കുന്ന പദ്ധതിയാണ് ഇത്.
സഹജീവി സ്നേഹവും പ്രകൃതിയിലെ വിഭവങ്ങള്‍ എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്ന ബോധവും വിദ്യാര്‍ഥികളില്‍ വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയറ ബിഇഎം യുപി സ്കൂളില്‍ നടന്ന പദ്ധതി കേരള സര്‍ക്കാരിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണന് ഉദ്ഘാടനം ചെയ്തു.
പക്ഷിക്ക് കുടിവെള്ളം നല്‍കുന്നത് പോലെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനതിന്റെ സന്ദേശം പുതു തലമുറകളിലേക്ക് പകര്‍ന്നു നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റര് പി.എല്‍.ജയിംസ് അധ്യക്ഷനായി.
ഷജീര്‍ഖാന്‍ വയ്യാനം, എക്കോ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ അനിത റോസ്, വിദ്യാര്‍ഥി കണ്‍വീനര്‍മാരായ ഇഷ ഇര്‍ഷാല്‍, ക്രിസ്റ്റീന ഹെൻറി, അധ്യാപകരായ സൂസന് ആഗ്നസ്, ബീന ജോസഫ്, ഷര്‍മ്മിള ഡെന്നീസ്,സജ്ന സന്തോഷ്, ആന്‍സി ചീരന്‍, ടി.രേഷ്മ, യു.കെ.സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.