കക്കയം ഹൈഡൽ ടൂറിസം കേന്ദ്രം സുരക്ഷ ഉറപ്പാക്കി ഇന്നുമുതൽ തുറക്കും
1394897
Friday, February 23, 2024 5:46 AM IST
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റിലെ വിനോദഞ്ചാര കേന്ദ്രം സന്ദർശിച്ചവരെ കാട്ടുപോത്ത് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തെ തുടർന്ന് ഒരു മാസമായി അടച്ചിട്ട കക്കയം ഡാം സൈറ്റിൽ പ്രവർത്തിച്ചിരുന്ന കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസം കേന്ദ്രം ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും.
കെ.എം. സച്ചിൻ ദേവ് എംഎൽഎയുടെ അധ്യക്ഷതയിൽ കക്കയം ഐബിയിൽ വച്ച് ഇന്നലെ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. എന്നാൽ ഇവിടെ പ്രവർത്തിച്ചിരുന്ന വനം വകുപ്പിന്റെ ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടും.
വനമേഖലയോടു ചേർന്നുള്ള ഉരക്കുഴി ഭാഗത്തേക്കുള്ള പ്രവേശനം സന്ദർശകർക്ക് സുരക്ഷ ഉറപ്പാക്കിക്കൊണ്ട് എപ്പോൾ തുറക്കാൻ കഴിയുമെന്നുള്ളത് പിന്നീട് അറിയിക്കും. ഇത് സംബന്ധിച്ച് ഡിഎഫ്ഒയുടെ നിർദേശം ലഭിക്കേണ്ടതുണ്ട്.
ഹൈഡൽ ടൂറിസം കേന്ദ്രത്തിന്റെ ഉത്തരവാദിത്വത്തിൽ സന്ദർശകർക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തി കൊണ്ടുവേണം കേന്ദ്രം തുറക്കേണ്ടത്. ഇവിടെയെത്തുന്ന സന്ദർശകരെ വനാതിർത്തിയിലേക്ക് പ്രവേശിപ്പിക്കാതിരിക്കാൻ ആവശ്യമായ ഗാർഡുമാരെ നിയമിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്താൻ വനം വകുപ്പിനോടും നിർദേശം നൽകിയിട്ടുണ്ട്. വർഷങ്ങളായി പിരിച്ചുവിട്ട വന സംരക്ഷണ സമിതിയെ പുനഃസ്ഥാപിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വാർഡ് മെമ്പർമാരായ ഡാർളി ഏബ്രഹാം, ജെസി കരിമ്പനയ്ക്കൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ജി. അരുൺ, വി.ജെ. സണ്ണി, സുനിൽ പാറപ്പുറം, മുജീബ് കോട്ടാല, ബേബി തേക്കാനത്ത്, ആൻഡ്രൂസ് കട്ടിക്കാന, ജനറേഷൻ എക്സി. എൻജിനീയർ സലിം,
ഡാം സേഫ്റ്റി അസിസ്റ്റന്റ് എൻജിനീയർ ശ്രീറാം, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ സി. വിജിത്ത്, ഫോറസ്റ്റ് ഗാർഡ് അമൃത്, ഹൈഡൽ ടുറിസം മാനേജർ ശിവദാസൻ ചെമ്പ്ര, ഹൈഡൽ ടൂറിസം ജീവനക്കാർ എന്നിവർ പങ്കെടുത്തു.