വെണ്ടേക്കുംപൊയിൽ എന്ന് പരിധിയിൽ വരും? കാത്തിരിപ്പുമായി നാട്ടുകാർ
1376198
Wednesday, December 6, 2023 7:05 AM IST
കൂന്പാറ: വേണ്ടേക്കുംപോയിൽ ഗ്രാമം ഇപ്പോഴും മൊബൈൽ ഫോണിന്റെ പരിധിക്ക് പുറത്താണ്. മലപ്പുറം ജില്ലയിലെ ചാലിയാർ, ഊർങ്ങാട്ടിരി പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വെണ്ടേക്കുംപൊയിൽ. തൊട്ടടുത്ത സ്ഥലമായ കക്കാടംപൊയിലിൽ ബിഎസ്എൻഎലിന്റെയും മറ്റ് സ്വകാര്യ മൊബൈൽ കന്പനികളുടെയും ടവർ ഉണ്ടെങ്കിലും വെണ്ടേക്കുംപൊയിലിൽ സിഗ്നൽ ലഭിക്കുന്നില്ല. അപൂർവ്വം ചില ഭാഗങ്ങളിൽ മാത്രമാണ് കുറഞ്ഞതോതിൽ സിഗ്നൽ ലഭിക്കുന്നത്.
അത്യാവശ്യത്തിന് മൊബൈൽ ഫോണ് ഉപയോഗിക്കേണ്ടവർ ഒന്നുകിൽ കക്കാടംപൊയിലിൽ എത്തണം. അല്ലെങ്കിൽ നിലന്പൂർ റോഡിൽ കുറച്ചു ദൂരം മുന്നോട്ടു സഞ്ചരിച്ചാലും റെയ്ഞ്ച് കിട്ടും. വെണ്ടേക്കും പൊയിലിൽ 250ലേറെ കുടുംബങ്ങൾ സ്ഥിരതാമസക്കാരായി ഉണ്ട്. മൂലപാടം ഗവണ്മെന്റ് എൽപി സ്കൂളും ക്രിസ്ത്യൻ പള്ളിയും ഒരു ക്ഷീരോൽപാദക സഹകരണ സംഘവും അങ്കണവാടിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഈ സ്ഥാപനങ്ങളിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ കിട്ടാനും വളരെ ബുദ്ധിമുട്ടാണ്. ചിലയിടങ്ങളിൽ വൈഫൈ കണക്ഷൻ ഉള്ളതുകൊണ്ടാണ് കാര്യങ്ങൾ നടന്നു പോകുന്നത്. താഴ്ന്ന പ്രദേശമായതിനാലാണ് കക്കാടംപൊയിൽ ടവറിൽ നിന്നും ഇവിടേക്ക് സിഗ്നൽ ലഭിക്കാത്തതെന്ന് പറയപ്പെടുന്നു. ഈ പ്രദേശത്ത് രണ്ട് കോളനികളുമുണ്ട്. റെയിഞ്ച് ഇല്ലാത്തതിനാൽ കോളനികളിൽ സർക്കാർ സേവനങ്ങൾ ഓണ്ലൈനായി നൽകാനും കഴിയുന്നില്ല. നിരവധി വിദ്യാർഥികൾ ഇവിടെ നിന്നും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്നുണ്ട്. സിഗ്നൽ ഇല്ലാത്തത് ഇവരുടെ പഠനത്തെയും ബാധിക്കുന്നുണ്ട്. പന്തീരായിരം വനമേഖലയിലെ അന്പുമല കോളനിയിലും റെയിഞ്ച് വളരെ കുറവാണ്. പരിധിക്കു പുറത്താണ് എന്ന പതിവ് പല്ലവി മാറി ഇനി എന്നാണ് തങ്ങൾ പരിധിക്ക് അകത്താവുക എന്നാണ് നാട്ടുകാരുടെ ചോദ്യം.