ടൈഗർ സഫാരി പാർക്ക്: ചക്കിട്ടപാറയിൽ സർവകക്ഷി യോഗം ചേർന്നു
1339706
Sunday, October 1, 2023 7:35 AM IST
ചക്കിട്ടപാറ: പഞ്ചായത്തിൽ ടൈഗർ സഫാരി പാർക്ക് ആരംഭിക്കാൻ ആലോചിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി പഞ്ചായത്ത് ഹാളിൽ സർവകക്ഷി യോഗം ചേർന്നു.
യോഗത്തിൽ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. കോഴിക്കോട് ഡിഎഫ്ഒ അബ്ദുൾ ലത്തീഫ് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. കടുവ സഫാരി പാർക്ക് പദ്ധതി കടുവ സങ്കേതമല്ലെന്നും മൃഗശാലയുടെ പതിപ്പിലുള്ള മതിലിനുള്ളിൽ കടുവയെ വളർത്തുന്ന സംവിധാനമാണെന്നും വിശദീകരണത്തിൽ ഡിഎഫ്ഒ അറിയിച്ചു.
പദ്ധതിക്കാവശ്യമായ സ്ഥലം സർക്കാർ തലത്തിലും ഉദ്യോഗതലത്തിലും ഇനിയും തീരുമാനിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാങ്കേതിക നടപടികൾ അടക്കമുള്ള കാര്യങ്ങൾ ഇനിയും നടക്കേണ്ടതുണ്ട്. ഇതിലൂടെ പ്രദേശത്തിന്റെ ടൂറിസ വികസന സാധ്യത ഉണ്ടാകുമെന്നും ഡിഎഫ്ഒ വിശദീകരണത്തിൽ അഭിപ്രായപ്പെട്ടു. എന്നാൽ ഇവിടുത്തെ ഭൂപ്രകൃതി ഇതിന് യോജിച്ചതല്ലെന്നും ഇതു സംബന്ധിച്ച ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും യോഗത്തിൽ പങ്കെടുത്ത ഭരണകക്ഷിയിലുള്ള പാർട്ടി പ്രതിനിധികൾ അടക്കമുള്ളവരും മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉന്നയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, പഞ്ചായത്ത് ഉപാധ്യക്ഷ ചിപ്പി മനോജ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഇ.എം. ശ്രീജിത്ത്, സി.കെ. ശശി, ബിന്ദു വത്സൻ, പഞ്ചായത്തംഗങ്ങളായ കെ.എ. ജോസുകുട്ടി, ജിതേഷ് മുതുകാട്, നേതാക്കളായ ജെയിംസ് മാത്യു, ബേബി കാപ്പുകാട്ടിൽ, പി.സി. സുരാജ്, രാജീവ് തോമസ്, പി.എം. ജോസഫ്, ബാബു പുതുപ്പറമ്പിൽ, ആവള ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.