ജൽ ജീവൻ മിഷൻ പൈപ്പിടലിന്റെ ദുരിതക്കഥ തുടരുന്നു.... വീടിന്റെ സംരക്ഷണ ഭിത്തിയും തകർന്നു
1337964
Sunday, September 24, 2023 12:56 AM IST
മുക്കം: 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച ജൽ ജീവൻ മിഷൻ പ്രവൃത്തി മൂലമുള്ള ദുരിതം തുടരുന്നു. ഇങ്ങനെയാണങ്കിൽ കുടിവെള്ളം തന്നെ വേണ്ടിയിരുന്നില്ല എന്ന നിലപാടിലേക്ക് ജനങ്ങൾ എത്തി തുടങ്ങും.പദ്ധതിയിലെ അശാസ്ത്രീയതയുടെ ഏറ്റവുമവസാനത്തെ ഇര കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് പൊലുകുന്നത്ത് പള്ളിക്കുട്ടിയും കുടുംബവുമാണ്.
പന്നിക്കോട്- പൊലുകുന്ന്- മുള്ളൻമട റോഡരികിലെ ഇവരുടെ വീടിന്റെ സംരക്ഷണ ഭിത്തി വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. പൈപ്പിടുന്നതിനായി സംരക്ഷണ ഭിത്തിയോട് ചേർന്ന് കുഴിയെടുത്തതാണ് സംരക്ഷണ ഭിത്തി തകരാൻ കാരണമായത്. പൈപ്പിടുന്നതിനായി എടുത്ത കുഴി മാസങ്ങളായിട്ടും റീസ്റ്റോർ ചെയ്ത് പൂർവസ്ഥിതിയിലാക്കിയിരുന്നുമില്ല. ഇതോടെ ശക്തമായ മഴയിൽ ഈ കുഴിയിലൂടെ വെള്ളമൊലിച്ചിറങ്ങുകയും ചെയ്തു.
മതിലിടിഞ്ഞ് വീടിനും വലിയ ഭീഷണിയാണിപ്പോൾ. സംരക്ഷണഭിത്തിയുടെ ബാക്കി ഭാഗം ഏത് നിമിഷവും തകർന്ന് വീഴുന്ന അവസ്ഥയാണ്. വീട്ടുമുറ്റത്തേക്ക് വെള്ളം ഒലിച്ചിറങ്ങുന്നത് ഹോളോ ബ്രിക്സ് കൊണ്ട് നിർമിച്ച ഈ വീടിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കക്കിടയാക്കുന്നു. അസുഖബാധിതയായ പള്ളിക്കുട്ടിയും കുടുംബവും ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. റോഡിന്റെ മറുഭാഗത്ത് കൂടി ആർക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ പൈപ്പ് സ്ഥാപിക്കാൻ സാധിക്കുമായിരുന്നിട്ടും അതിന് തയാറായില്ലെന്നും വീട്ടുകാർ പറയുന്നു.
പഞ്ചായത്തധികൃതർ സന്ദർശിച്ചു
മുക്കം: ജൽ ജീവൻ മിഷൻ പദ്ധതിക്കായി കുഴിയെടുത്ത് വീടിന്റെ സംരക്ഷണഭിത്തി തകർന്ന പന്നിക്കോട് പൊലുകുന്നത്ത് പള്ളിക്കുട്ടിയുടെ വീട് കൊടിയത്തൂർ പഞ്ചായത്തധികൃതർ സന്ദർശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്ന്, മറിയംകുട്ടി ഹസൻ, പഞ്ചായത്തംഗങ്ങളായ ഫാത്തിമ നാസർ, കോമളം തോണിച്ചാൽ തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്. ജൽ ജീവൻ മിഷൻ അധികൃതരെ വിവരമറിയിച്ചതായും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വാർഡ് മെമ്പർ ബാബു പൊലുകുന്ന് എന്നിവർ അറിയിച്ചു.