നോക്കുകുത്തിയായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച എയ്റോബിക് പ്ലാന്റുകൾ
1337253
Thursday, September 21, 2023 7:44 AM IST
മുക്കം: ജൈവ മാലിന്യ സംസ്കരണ രംഗത്തെ കുതിപ്പിനായി ലക്ഷങ്ങൾ ചെലവഴിച്ച് മുക്കം നഗരസഭ നിർമിച്ച എയ്റോബിക് പ്ലാന്റുകൾ നാല് വർഷത്തിനിപ്പുറവും നോക്കുകുത്തി.
16 ലക്ഷത്തോളം രൂപ ചെലവഴിച്ച് നഗരസഭയിലെ മണാശേരി ഗവ. യുപി സ്കൂളിലും നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും മുക്കം സിഎച്ച്സിയിലും മുക്കം ബസ് സ്റ്റാൻഡിലും നിർമിച്ച എയ്റോബിക് പ്ലാന്റുകളാണ് പ്രവർത്തിക്കാതെ കിടക്കുന്നത്.
നാലു ലക്ഷത്തോളം രൂപ ചെലവിൽ മണാശേരി ഗവ. യുപി സ്കൂളിൽ നിർമിച്ച പ്ലാന്റ് ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടുപോലുമില്ല. നഗരത്തിലെ ഇലകൾ ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും സംസ്കരിക്കാനാണ് നഗരസഭാ കാര്യാലയത്തിന് സമീപം പ്ലാന്റ് നിർമിച്ചത്. എന്നാൽ പ്ലാന്റ് പ്രവർത്തിപ്പിക്കാനാവശ്യമായ ഇനോക്കുലം ബാക്ടീരിയകൾ സൂക്ഷിക്കാനാണ് ഈ പ്ലാന്റ് ഇന്ന് ഉപയോഗിക്കുന്നത്.
സ്കൂളിലെ ഭക്ഷണാവശിഷ്ടങ്ങളും ഇലകളും മറ്റും കാര്യക്ഷമായി സംസ്കരിക്കാനാണ് സ്കൂളുകളിൽ പ്ലാന്റ് സ്ഥാപിച്ചത്. ആറു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നീലേശ്വരം സ്കൂളിൽ പ്ലാന്റ് നിർമിച്ചത്. 2020 ഫെബ്രുവരിൽ പ്ലാന്റ് ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തിപ്പിച്ചിട്ടില്ല. നബാർഡിന്റെയും ശുചിത്വമിഷന്റെയും സാമ്പത്തിക സഹായത്തോടെയാണ് ഈ പ്ലാന്റുകൾ നിർമിച്ചത്.
പ്ലാന്റുകൾ പ്രവർത്തിപ്പിക്കണമെന്ന് കാണിച്ച് വിദ്യാലയങ്ങൾക്ക് പല തവണ കത്ത് നൽകിയെങ്കിലും സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം.
എന്നാൽ, നഗരസഭാ കാര്യാലയത്തിന് സമീപത്തും മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സ്ഥാപിച്ച പ്ലാന്റുകൾ പ്രവർത്തിപ്പിക്കാത്തതിന് അധികൃതർക്ക് കൃത്യമായി മറുപടിയില്ല. ലക്ഷങ്ങൾ ചിലവഴിച്ച് ഇന്ത്യൻ സ്വച്ഛത ലീഗിന്റെ മാലിന്യ സംസ്കരണ ബോധവത്കരണത്തിന്റെ രണ്ടാം ഘട്ട കാമ്പയിൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ. മൂക്കിന് താഴെ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച മാലിന്യ സംസ്കരണ പ്ലാന്റുകൾ പ്രവർത്തിപ്പിക്കാതെ, മാലിന്യ സംസ്കരണ ബോധവത്കരണത്തിനൊരുങ്ങുന്ന നഗരസഭയ്ക്കെതിരേ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.