പന്നിക്കോട്ട് വ്യാപാരികളുടെ പ്രതിഷേധം
1297625
Saturday, May 27, 2023 12:24 AM IST
മുക്കം: മുക്കം-കരിപ്പൂർ എയർപോർട്ട് റോഡും അരീക്കോട് - മെഡിക്കൽ കോളജ് റോഡും സംഗമിക്കുന്ന കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിൽ നിയമം ലംഘിച്ചുള്ള തെരുവ് കച്ചവടം അതിരൂക്ഷമായി.
ഇതോടെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തി. കടകളിലെ കാഴ്ച ഏതാണ്ട് പൂർണമായും മറച്ചും റോഡ് പകുതിയോളം ഭാഗം കയ്യടക്കിയുമാണ് വാഹനങ്ങളിലെത്തി തെരുവ് കച്ചവടം നടക്കുന്നത്. ദിവസവും ഉച്ചയ്ക്ക് ശേഷം മുതൽ നടക്കുന്ന ഈ കച്ചവടം രാത്രി വൈകിയും തുടരുന്നത് വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്നതിനൊപ്പം അങ്ങാടിയിൽ ഗതാഗതക്കുരുക്കിനും കാരണമാവുന്നു.
അങ്ങാടിയിൽ തെരുവ് കച്ചവടം നിരോധിച്ച് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ നിരന്തരം നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. മോട്ടോർ വെഹിക്കിൾ അധികൃതരും പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളായ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ് തെരുവ് കച്ചവടം നിരോധിച്ച് ഉത്തരവിറക്കിയത്. എന്നാൽ പരാതി പ്രകാരം സ്ഥലത്തെത്തിയ മുക്കം പോലീസ് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് പറഞ്ഞ് പിൻമാറിയതായും വ്യാപാരികൾ പറയുന്നു.
സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ മുക്കം പോലീസിലും പഞ്ചായത്തിലും രേഖാമൂലം പരാതി നൽകിയതായും വ്യാപാരികൾ പറഞ്ഞു. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.സി ഷഹീദ്, സെക്രട്ടറി അശോകൻ എടപ്പറ്റ, ട്രഷറർ റഷീദ് പൊലുകുന്നത്ത് എന്നിവർ പറഞ്ഞു