മകന്റെ പേര് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വൃദ്ധയുടെ സ്വർണാഭരണം കവർന്നു
1262903
Sunday, January 29, 2023 12:08 AM IST
നാദാപുരം: ചെക്യാട് താനക്കോട്ടൂർ താടിക്കാരൻ ക്ഷേത്ര പരിസരത്തെ വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ച് വൃദ്ധ മാതാവിന്റെ സ്വർണാഭരണം കവർന്നു. ക്ഷേത്ര പരിസരത്തെ കിണറുള്ള പറമ്പത്ത് പാറുവിന്റെ സ്വർണ വളയാണ് അർദ്ധ രാത്രിയിൽ അജ്ഞാതൻ കവർന്നത്.
വെളളിയാഴ്ച്ച രാത്രി ഒന്നോടെയാണ് മകൻ രവിയാണെന്ന് പറഞ്ഞ് വൃദ്ധയെ തെറ്റിധരിപ്പിച്ചാണ് കൈയ്യിൽ നിന്ന് സ്വർണാഭരണം കവർന്നത്. തന്നെയാരോ ചതിച്ചതാണെന്ന് മനസിലാക്കിയ വൃദ്ധമാതാവ് മകനെയും, ഭർത്താവിനെയും, ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. രാത്രി തന്നെ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.തുടർന്ന് മകൻ രവി വളയം പോലീസിൽ പരാതി നൽകി. മുക്കാൽ പവൻ സ്വർണ വളയാണ് കവർന്നത്. പാറുവും ഭർത്താവും, മകനും, മകന്റെ ഭാര്യയുമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവം നടക്കുമ്പോൾ പാറുവും, ഭർത്താവുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മകനും, ഭാര്യയും സമീപത്തെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിനായി പോയതായിരുന്നു. രവിയുടെ പരാതിയിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.