ബസിൽ നിന്നും തെറിച്ചുവീണ വീട്ടമ്മ ബസിനടിയിൽപെട്ട് മരിച്ചു
1244309
Tuesday, November 29, 2022 11:09 PM IST
കോഴിക്കോട്: നരിക്കുനിയില്‍ ബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ചു. കൊയിലാണ്ടി സ്വദേശിനി നരിക്കുനി നെല്ലിയേരിത്താഴം കുമ്പിളിയൻ പാറയിൽ വാടകവീട്ടിൽ താമസിക്കുന്ന ഉഷ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴിന് നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി താഴത്തായിരുന്നു അപകടം. ബസിന്റെ വാതിൽ അടയ്ക്കാതിരുന്നതാണ് അപകട കാരണം.
എന്നാല്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നും യാത്രക്കാരുടെ കൈ തട്ടി വാതില്‍ തുറന്നതാണെന്നും ബസ് ജീവനക്കാര്‍ പറയുന്നു. താമരശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു അലങ്കാർ ബസിൽ നെല്ലിയേരി താഴത്ത് നിന്നാണ് ഉഷ കയറിയത്. തൊട്ടടുത്തുള്ള വളവിൽ എത്തിയപ്പോൾ ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരിച്ചു. ഭർത്താവ്: സനിൽകുമാർ. മക്കൾ: വിഷ്ണു, വിനു.