വളർത്തുനായയെ അജ്ഞാതജീവി പിടിച്ചുകൊണ്ടുപോയി
1575283
Sunday, July 13, 2025 6:04 AM IST
എടക്കര: വളർത്തുനായയെ അജ്ഞാതജീവി പിടിച്ചുകൊണ്ടുപോയി. പേത്തുകൽ മുരുകാഞ്ഞിരം കളപ്പുരയ്ക്കൽ സജിയുടെ നാല് വയസ് പ്രായമുള്ള വളർത്തുനായയെയാണ് വെള്ളിയാഴ്ച രാത്രി അജ്ഞാതജീവി പിടിച്ചുകൊണ്ടുപോയത്.
വീട്ടുകാർ വിവരം നൽകിയതിനെത്തുടർന്ന് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്ററ്റ് ഓഫീസർ എ. ഇബ്രാഹിം, ബിഎഫ്ഒമാരായ എ.എം. ഷെഫീഖ്, എൻ. ഹരീഷ്, സുധീഷ് എന്നിവർ സജിയുടെ വീട്ടിലെത്തി പരിശോധന നടത്തി.
നായയുടെ കൂടിന് സമീപം കാൽപ്പാടുകൾ കണ്ടെത്തിയെങ്കിലും പുലിയുടെയോ കടുവയുടെയോ അല്ലെന്ന നിഗമനത്തിലാണ് വനം ഉദ്യോഗസ്ഥർ. തൊട്ടടുത്ത പ്രദശമായ മലാംകുണ്ടിൽ രണ്ടാഴ്ച മുന്പ് വളർത്തുനായയെ പുലി കടിച്ചുകൊന്ന് ഭക്ഷിച്ചിരുന്നു.
നായയുടെ ബാക്കിവന്ന ശരീരഭാഗങ്ങൾ കൂട്ടിലാക്കി കെണി സ്ഥാപിച്ചുവെങ്കിലും പുലി കൂട്ടിൽ കടുങ്ങിയില്ല. പ്രദേശത്ത് കാമറകളും അന്ന് സ്ഥാപിച്ചിരുന്നു.
പ്രദേശത്ത് അജ്ഞാതജീവിയുടെ സാന്നിധ്യം ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിനിടെ പൂക്കോട്ടുമണ്ണയിൽ സ്കൂട്ടർ യാത്രക്കാരനായ കുരീക്കൽ ബേബിയുടെ സ്കൂട്ടറിന് കുറുകെ വെള്ളിയാഴ്ച രാത്രി പുലിയുടേതിന് സമാനമായ ജീവി ചാടിയിരുന്നു. വിവരമറിഞ്ഞ് നിലന്പൂരിൽ നിന്ന് ദ്രുതകർമ സേനയെത്തി പൂക്കോട്ടുമണ് കുരിശിന്റെ ഭാഗത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ശനിയാഴ്ച വള്ളുവശേരി വനം ബീറ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. ജയകൃഷ്ണൻ, സക്കീർ കാട്ടുചാലിൽ എന്നിവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പുലിയുടേതിന് സമാനമായ നഖം പതിഞ്ഞ ചെറിയ കാൽപ്പാടുകൾ കണ്ടെത്തി. എന്നാൽ ഇത് വള്ളിപ്പുലിയുടേതാകാമെന്ന നിഗമനത്തിലാണ് വനം ഉദ്യോഗസ്ഥർ.