മരക്കൊന്പുകൾ വനം വകുപ്പ് വെട്ടിമാറ്റി
1575282
Sunday, July 13, 2025 6:04 AM IST
നിലന്പൂർ:റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾക്ക് തടസമായി നിന്ന മരക്കൊന്പുകൾ മുറിച്ചുമാറ്റി വനംവകുപ്പ്. എരഞ്ഞിമങ്ങാട് മുതൽ അകന്പാടം കാഞ്ഞിരപടി വരെയുള്ള ഭാഗങ്ങളിലെ തടസമാണ് നീങ്ങിയത്.
വനംവകുപ്പിന്റെ പത്തിന കർമ പദ്ധതിയുടെ ഭാഗമായാണ് അകന്പാടം ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ പ്രവൃത്തി നടത്തിയത്. നിലന്പൂർ - നായാടംപൊയിൽ മലയോര പാതയിൽ എരഞ്ഞിമങ്ങാട് മുതൽ അകന്പാടം വരെയുള്ള വന മേഖലയിൽ റോഡിന്റെ ഇരുവശങ്ങളിലെ മുളകൾ ഉൾപ്പെടെ മുറിച്ചുനീക്കിയാണ് തടസങ്ങൾ ഒഴിവാക്കിയത്.
വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തുന്ന എഫ്എഫ്ഡബ്ലിയു പദ്ധതിയുടെ ഭാഗമായാണ് റോഡിൽ തടസം നേരിട്ട മുളങ്കൂട്ടങ്ങളും വള്ളിപടർപ്പുകളും ഉൾപ്പെടെ നീക്കം ചെയ്തത്. കാട്ടാന, കാട്ടുപന്നികൾ ഉൾപ്പെടെ റോഡ് മുറിച്ച് കടക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രവൃത്തി നടത്തുന്നതെന്ന് അകന്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. മുഹസിൻ പറഞ്ഞു.
പൊതുജന പങ്കാളിത്തതോടെ മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാൻ പത്തിനകർമ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എം. ശ്രീജിത്ത് വ്യക്തമാക്കി.
അകന്പാടം വനം സ്റ്റേഷന്റെ കീഴിലുള്ള ഇത്തരം പ്രവൃത്തികൾക്ക് നാട്ടുകാരുടെയും ക്ലബ് അംഗങ്ങളുടെയും വലിയ പിന്തുണയായി ലഭിക്കുന്നതെന്ന് വനപാലകർ പറഞ്ഞു. കഐസ്ആർടിസി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്ക് മരക്കൊന്പുകളും മുളങ്കൂട്ടങ്ങളും ചാഞ്ഞ് നിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണിയായിരുന്നു.
തടസം നീങ്ങിയതോടെ വന്യമൃഗങ്ങൾ റോഡ് മുറിച്ച് കടക്കുന്നത് കാണാനാകും. കക്കാടംപൊയിൽ, എരുമമുണ്ട ഭാഗങ്ങളിലേക്ക് ഉൾപ്പെടെ പ്രതിദിനം നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. അകന്പാടം വനം സ്റ്റേഷനിലെ വനപാലകർ, വാച്ചർമാർ, നാട്ടുകാർ, ക്ലബ് അംഗങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് പ്രവൃത്തിയിൽ പങ്കാളികളായത്.