ട്രാൻസ്ഫോർമറിൽ നിന്ന് പടർന്നു: മഞ്ചേരിയിൽ പഴക്കടയ്ക്ക് തീപ്പിടിച്ചു
1575088
Saturday, July 12, 2025 5:26 AM IST
മഞ്ചേരി: ട്രാൻസ്ഫോർമറിൽ നിന്ന്് തീ പടർന്ന് തൊട്ടടുത്തുള്ള പഴ മൊത്തക്കച്ചവട സ്ഥാപനം കത്തി നശിച്ചു. മഞ്ചേരി ജസീല ജംഗ്ഷനു സമീപമുള്ള എബി ഫ്രൂട്ട്സ് എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ നെല്ലിക്കുത്ത് പട്ടാള റഷീദ് പറഞ്ഞു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ട്രാൻസ്ഫോർമറിൽ നിന്ന് തെറിച്ച് വീണ തീ, പഴങ്ങൾ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പെട്ടിയിൽ വീണ് കത്തുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മഞ്ചേരി അഗ്നിരക്ഷാ നിലയത്തിൽ നിന്ന് രണ്ട് ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മൂന്നുനില കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാൻ അഗ്നിരക്ഷാ സേനക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു. എങ്കിലും തൊട്ടടുത്തുള്ള ഓറിയന്റൽ ഇൻഷ്വറൻസ് കന്പനിയിലേക്ക് പുക അടിച്ചുകയറിയത് നാശനഷ്ടങ്ങൾക്കിടയാക്കി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജിയുടെ നേതൃത്വത്തിൽ എസ്എഫ്ആർഒ അരുണ്ബാബു, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ എം.വി. അനൂപ്, ടി. അഖിൽ, എൻ.എം. റാഷിദ്, ഡ്രൈവർമാരായ ശ്രീലേഷ് കുമാർ, എം. സജീഷ്, സേനാംഗങ്ങളായ പി. ഗണേഷ്കുമാർ, സി. മുകുന്ദൻ, കെ. ഉണ്ണികൃഷ്ണൻ, കെ.ടി. ആബിദ്, കെ. ഹുസ്നി മുബാറക്, എ. ബിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ജസീല ജംഗഷനു സമീപത്തെ ട്രാൻസ്ഫോർമർ അപകടം വരുത്തിയത് പലതവണയാണ്. നേരത്തെ മേലാക്കം ജുമാമസ്ജിദിന് സമീപമുണ്ടായിരുന്ന ട്രാൻസ്ഫോർമർ അമിത ലോഡ് മൂലം കത്തിയിരുന്നു. തുടർന്നാണ് ട്രാൻസ്ഫോർമർ പുതിയ യാർഡിലേക്ക് പുന:സ്ഥാപിച്ചത്. ഇവിടെ സെക്യൂരിറ്റി ഫെൻസിംഗും സ്ഥാപിച്ചിരുന്നു. എന്നാൽ ഏഴു മാസം തികയും മുന്പേ ട്രാൻസ്ഫോർമറിൽ നിന്ന് തീക്കട്ട തെറിച്ചു വീഴുകയും സമീപത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് കത്തി നശിക്കുകയും ചെയ്തിരുന്നു.
2021 ഏപ്രിൽ മൂന്നിനുണ്ടായ ഈ അഗ്നിബാധയിൽ സമീപത്ത് പ്രവർത്തിക്കുന്ന എബി ഫ്രൂട്ടസ് എന്ന പഴ മൊത്ത വിൽപ്പനശാലയുടെ രണ്ടായിരത്തിലധികം വരുന്ന പ്ലാസ്റ്റിക് പെട്ടികളും കത്തി നശിച്ചിരുന്നു. സമാനമായ രീതിയിലാണ് ഇന്നലെയും അഗ്നിബാധയുണ്ടായത്.
അന്ന് കത്തിനശിച്ച അതേ പഴക്കട തന്നെയാണ് ഇന്നലെയും അഗ്നി വിഴുങ്ങിയത്. നഗരത്തിൽ നിരവധി കെട്ടിടങ്ങൾക്ക് നടുവിലായി സ്ഥാപിച്ച ട്രാൻസ്ഫോർമറിൽ നിന്ന് തീ തെറിച്ചതെങ്ങനെയെന്ന് കഐസ്ഇബി അധികൃതർക്കും വ്യക്തതയില്ല.