പ്രിൻസിപ്പലിനെയും ആശുപത്രി സൂപ്രണ്ടിനെയും തടഞ്ഞു
1575278
Sunday, July 13, 2025 5:57 AM IST
മഞ്ചേരി : മഞ്ചേരി ജനറൽ ഹോസ്പിറ്റൽ താനൂരിലേക്കു പറിച്ചുനടാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെയും ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ടിനെയും വഴിയിൽ തടഞ്ഞ് മഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി.
ജനറൽ ഹോസ്പിറ്റലും മെഡിക്കൽ കോളജും മഞ്ചേരിയിൽ തന്നെ സുരക്ഷിതമായി പൂർണ തോതിൽ പ്രവർത്തിക്കാത്ത പക്ഷം ഉദ്യോഗസ്ഥരെ വഴിയിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. ജനറൽ ഹോസ്പിറ്റൽ മഞ്ചേരിക്ക് നഷ്ടമാകില്ലെന്നും നാളെ ചേരുന്ന ഓണ്‍ലൈൻ മീറ്റിംഗിൽ മഞ്ചേരിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന ഉറപ്പിലുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഉപരോധ സമരം അവസാനിപ്പിച്ചത്.
പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് മഞ്ചേരി മണ്ഡലം പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയിൽ, അസംബ്ലി പ്രസിഡന്റ് മഹ്റൂഫ് പട്ടർകുളം, അസീബ് നറുകര, രോഹിത് പയ്യനാട്, ആഷിക് നറുകര, പി.കെ. നിധീഷ്, ഫജറുൽ ഹഖ് തുടങ്ങിയവർ നേതൃത്വം നൽകി.