ജില്ലയിലെ ആരോഗ്യ മേഖല അവഗണനയിൽ; പ്രതിഷേധം ശക്തമാകുന്നു
1575273
Sunday, July 13, 2025 5:57 AM IST
മഞ്ചേരി : മഞ്ചേരി ജനറൽ ആശുപത്രി താനൂരിലേക്ക് മാറ്റുന്നത് സംബന്ധിച്ച നീക്കം വ്യാപകമായ പ്രതിഷേധത്തിനിടയാക്കുന്നു. താനൂരിലെ തീരദേശ മേഖലയിൽ നിന്നുള്ള രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി താനൂർ താലൂക്ക് ആശുപത്രി അപ്ഗ്രേഡ് ചെയ്ത് ജനറൽ ആശുപത്രിയാക്കണമെന്ന മന്ത്രിയുടെ ആവശ്യം ന്യായമാണ്.
എന്നാൽ ഗൂഢല്ലൂർ മുതലിങ്ങോട്ട് ആദിവാസികളടക്കമുള്ള പാവപ്പെട്ട ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മഞ്ചേരി ജനറൽ ആശുപത്രി ഇല്ലാതാക്കിയിട്ട് വേണമോയെന്ന ചോദ്യം അവശേഷിക്കുന്നു. കണ്ണൂർ ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകളുകളും രണ്ട് ജനറൽ ആശുപത്രികളും പ്രവർത്തിക്കുന്നു. കേവലം 19 ലക്ഷം ജനസംഖ്യയുള്ള കോട്ടയത്ത് കാഞ്ഞിരപ്പള്ളി,
ചങ്ങനാശേരി, പാല, കോട്ടയം എന്നിവിടങ്ങളിലായി നാല് സർക്കാർ ജനറൽ ആശുപത്രികളാണ് പ്രവർത്തിക്കുന്നത്. 14 ജില്ലകളിലായി 17 ജനറൽ ആശുപത്രികൾ പ്രവർത്തിക്കുന്പോൾ ജനസംഖ്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, ആരോഗ്യരംഗത്ത് ഏറ്റവും പിറകിൽ നിൽക്കുന്ന മലപ്പുറം ജില്ലയിൽ എന്തുകൊണ്ട് രണ്ട് ജനറൽ ആശുപത്രിയായിക്കൂടാ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
45 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന മലപ്പുറം ജില്ല ആരോഗ്യരംഗത്ത് ഇതര ജില്ലകളെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്നതാണ് വസ്തുത. സംസ്ഥാനത്ത് ശരാശരി 868 പേർക്ക് ഒരു രോഗികിടക്കയെന്നതാണ് കണക്കെങ്കിൽ മലപ്പുറം ജില്ലയിൽ 1615 പേർ ഒരു കിടക്ക കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആതുരാലയങ്ങളിലൊന്നാണ് മഞ്ചേരി ആശുപത്രി.
മെഡിക്കൽ കോളജിന്റെ പേര് പറഞ്ഞ് മഞ്ചേരി ജനറൽ ആശുപത്രിയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം അധികൃതർ നേരത്തെ ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെയും ജീവനക്കാരെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം സർക്കാർ മെഡിക്കൽ കോളജുകൾ സ്ഥാപിച്ചപ്പോൾ നിലവിലുണ്ടായിരുന്ന ജില്ലാ ആശുപത്രിയോ ജനറൽ ആശുപത്രിയോ നഷ്ടപ്പെടുത്തിയിട്ടില്ല.
മെഡിക്കൽ കോളജിനായി 25 ഏക്കർ സ്ഥലം സൗജന്യമായും 25 ഏക്കർ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്കും നൽകാമെന്ന് ഉടമകൾ സമ്മതിച്ചിട്ടും ഇതിനെതിരെ മുഖം തിരിയ്ക്കുന്നത് ജില്ലയോടുള്ള അവഗണനയായിട്ടാണ് ജനങ്ങൾ കാണുന്നത്.