പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക് ഓഗസ്റ്റിൽ
1575277
Sunday, July 13, 2025 5:57 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച 1.26 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ഒപി ബ്ലോക്ക് പണി പൂർത്തിയാകുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് ആദ്യം മുതൽ പ്രവർത്തനം ആരംഭിക്കാൻ ജില്ലാ ആശുപത്രി മാനേജ്മെന്റ് സമിതി തീരുമാനിച്ചു.
ആരോഗ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് ഉദ്ഘാടന തിയതി തീരുമാനിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അറിയിച്ചു. വനിതശിശു വിഭാഗത്തിൽ തുറക്കുന്ന ലക്ഷ്യ വാർഡും ഓഗസ്റ്റ് ആദ്യവാരം തുറക്കാൻ നടപടി തുടങ്ങി. ഇവിടെ സെപ്റ്റിക് ടാങ്കിന്റെ പ്രവൃത്തി പൂർത്തിയാക്കാനുണ്ട്.
കാലപ്പഴക്കമേറിയ മെഡിക്കൽ വാർഡ്, ഓഫീസ് കെട്ടിടം എന്നിവ പൊളിച്ചുമാറ്റാൻ ഹെൽത്ത് ഡയറക്ടറേറ്റിൽ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണ്. പുതിയ കാഷ്വാലിറ്റി വാർഡ് പണിയാൻ കിഫ്ബി മുഖേന 12 കോടി അനുവദിച്ചിരിക്കേ സാങ്കേതിക നടപടികൾ പൂർത്തിയാക്കി ടെൻഡർ നടപടികൾ സ്വീകരിക്കണം.
എങ്കിൽ മാത്രമേ ഇപ്പോഴത്തെ കാഷ്വാലിറ്റി വാർഡ് പൊളിക്കുന്നതിൽ തീരുമാനമാകൂവെന്ന് ആശുപത്രി മാനേജ്മെന്റ്് സമിതി യോഗത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.