നിലമ്പൂരിന്റെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും: ആര്യാടൻ ഷൗക്കത്ത് എംഎൽഎ
1572745
Friday, July 4, 2025 5:32 AM IST
നിലമ്പൂർ: വികസന പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുമെന്നും നിലമ്പൂര്‍ മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും എംഎൽഎ ആര്യാടന് ഷൗക്കത്ത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതും പ്രവൃത്തി തുടങ്ങി സാങ്കേതിക കാരണങ്ങളാല്‍ തടസപ്പെട്ടതുമായ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഭരാണാനുമതി ലഭിച്ചിട്ടും സാങ്കേതികാനുമതി ലഭിക്കാത്ത പദ്ധതികള്‍ക്ക് സാങ്കേതികാനുമതി ലഭ്യമാക്കാനും സാങ്കേതികാനുമതി ലഭിച്ച പദ്ധതികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനും ശ്രമിക്കും.
പുതിയ പ്രപ്പോസല്‍ തയാറാക്കാന്‍ ജില്ലാപഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് സാരഥികള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ തേടും.
227 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച നിലമ്പൂര്‍ ബൈപാസ് നിര്‍മാണത്തിന് സാങ്കേതികാനുമതി ലഭ്യമാക്കും. ആദ്യ റീച്ച് റോഡ് നിര്‍മാണത്തിന് 35 കോടി ആവശ്യമാണ്. ഭൂമി വിട്ടുനൽകിയവർക്ക് ഭൂമിയുടെ നഷ്ടപരിഹാരമായ 55 കോടി നൽകിയ ശേഷം വേണം അടുത്ത റീച്ചുകളുടെ നിർമാണം തുടങ്ങാനെന്നും എംഎൽഎ പറഞ്ഞു.
നിലമ്പൂര്‍ ടൗണ്‍ നവീകരണം രണ്ടാംഘട്ട പ്രവൃത്തി നടത്താന്‍ ശ്രമം നടത്തുമെന്നും നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിന് നേരത്തെ അനുവദിച്ച തുക കുറച്ചതാണ് നിലമ്പൂര്‍ ടൗണ്‍ ഉള്‍പ്പെടെ റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണമെന്നും എംഎല് എ പറഞ്ഞു.
നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിന് അനുവദിച്ച തുകയിൽ നിന്നും 220 കോടി വെട്ടികുറച്ചത് തിരിച്ച് കിട്ടാനും മലയോര ഹൈവേയില്‍ നിര്‍മാണം നടത്താത്ത ചന്തക്കുന്ന്- വെളിയന്തോട് റോഡ് നിര്‍മാണത്തിനും ശ്രമം നടത്തും. ജല്‍ജീവന്‍ കുടിവെള്ള പദ്ധതിക്ക് വാട്ടര്‍ ടാങ്കും പ്ലാന്റും യാഥാര്‍ഥ്യമാക്കി കമ്മീഷന് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
വന്യമൃഗശല്യം, ആദിവാസികളുടെ പ്രശ്നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഈ മാസം ഒമ്പതിന് പ്രത്യേക യോഗം ചേരുമെന്നും എംഎല്‍എ അറിയിച്ചു. നിലമ്പൂര്‍ ടിബിയില്‍ നടന്ന അവലോകന യോഗത്തില്‍ പൊതുമരാമത്ത്, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, കെആർഎഫ്ബി, ജല്‍ജീവന്‍, ബ്ലോക്ക് പഞ്ചായത്ത്, വനംവകുപ്പുകളിലെ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ ഉൾപ്പെടെ പങ്കെടുത്തു.