‘ഓപറേഷൻ ലാസ്റ്റ് ബെൽ’ പരിശോധനയുമായി ജില്ലാ പോലീസ്
1572751
Friday, July 4, 2025 5:40 AM IST
മലപ്പുറം: സ്കൂൾ പരിസരങ്ങളിലെ അക്രമങ്ങളും അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനായി ഓപറേഷൻ ലാസ്റ്റ് ബെൽ എന്ന പേരിൽ പ്രത്യേക പരിശോധനയുമായി മലപ്പുറം ജില്ലാ പോലീസ്.
സ്കൂൾ വിട്ടതിന് ശേഷം വിദ്യാർഥികൾ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും മറ്റും സംഘടിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അക്രമാസക്തമാവുകയും പൊതുജനത്തിന് ശല്യമാവുകയും നിരവധി വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐപിഎസിന്റെ നിർദേശ പ്രകാരം പ്രത്യേക പരിശോധനയ്ക്ക് തുടക്കമിട്ടത്.
വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് ആകെ 50 പേർക്കെതിരേ കേസെടുത്തു. ഇതിൽ 36 കേസുകളും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് രക്ഷിതാക്കൾക്ക് എതിരേ എടുത്ത കേസുകളാണ്. വിവിധ സ്റ്റേഷനുകളിലായി 200 വാഹനങ്ങൾ പിടിച്ചെടുത്തു.
ഹൈസ്കൂൾ തലം മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികളാണ് പരിശോധനയിൽ പോലീസിന്റെ പിടിയിലായത്.മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനും നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിച്ചതിനുമായി 14 വിദ്യാർഥികൾക്കെതിരേയും കേസുകൾ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയ രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരിശോധനകൾ ഇനിയുള്ള ദിവസങ്ങളിലും തുടരുന്നതാണ്